റ്റുപെക്ക (കന്‍സാസ്): റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, സെനറ്റര്‍ ലീഡറുമായ ബോബ് ഡോള്‍ (98) അന്തരിച്ചു. 1923 ജൂലൈ 22-നു കന്‍സാസിലായിരുന്നു ജനനം. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ബോബ് ഡോളിനു മാരകമായി മുറിവേറ്റുവെങ്കിലും, അതിനെ മനോധൈര്യംകൊണ്ട് അതിജീവിച്ച ഡോളിന്റെ മരണം ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഭാര്യ എലിസബത്ത് ഡോള്‍ ഔദ്യോഗികമായി അറിയിച്ചത്. 1942 മുതല്‍ 48 വരെ യുണൈറ്റഡ് സ്റ്റേറ്റ് ആര്‍മി അംഗമായിരുന്നു.
2021 ഫെബ്രുവരിയില്‍ തനിക്ക് സ്റ്റേജ് 4 കാന്‍സറാണെന്നു ബോബ് ഡോള്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കന്‍സാസില്‍ നിന്നു റിപ്പബ്ലിക്കന്‍ സെനറ്ററായി 1969-ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. പതിനൊന്നു വര്‍ഷം സെനറ്റിലെ റിപ്പബ്ലിക്കന്‍ ലീഡറായിരുന്നു.
1996-ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, 1976-ല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്നു. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിനെ എന്‍ഡോഴ്സ് ചെയ്ത ഏക മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥനാര്ത്ഥിയായിരുന്നു ബോബ് ഡോള്‍.
നോര്‍ത്ത് കരോളിന മുന്‍ യുഎസ് സെനറ്റര്‍ എലിസബത്ത് ഡോള്‍ ആണ് ഭാര്യ. 2018-ല്‍ ഡോളിന്റെ സേവനങ്ങളെ മാനിച്ച് കണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചിരുന്നു.
ഡിസംബര്‍ അഞ്ചിന് രാവിലെ ഉറക്കത്തിനിടെയായിരുന്നു ഡോളിന്റെ മരണം സംഭവിച്ചത്.