മൂര്‍ഹെഡ് (മിനസോട്ട): ഹൊണ്ടൂറസില്‍ നിന്നും അമേരിക്കയിലെ മൂര്‍ഹെഡിലേക്ക് (മിനസോട്ട) കുടിയേറിയ ഒരു കുടുംബത്തിലെ നാല് മുതിര്‍ന്നവരും, മൂന്നു കുട്ടികളും ഉള്‍പ്പടെ ഏഴുപേരെ താമസിച്ചിരുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഡിസംബര്‍ 19-നു രാവിലെ വെല്‍ഫെയര്‍ ചെക്കിംഗിനെത്തിയ ഉദ്യോഗസ്ഥരാണ് വീട്ടിനകത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ 20-നു ഹെര്‍ണാണ്ടസ് – പിന്റോ കുടുംബത്തിലെ മരിച്ച ഏഴുപേരുടേയും വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി.
ബെലിന്‍ ഹെര്‍ണാണ്ടസ് (37), മാര്‍ലെനി പിന്റോ (34), ബെര്‍ലിന്‍ ഹെര്‍ണാണ്ടസ് (16), മൈക്ക് ഹെര്‍ണാണ്ടസ് (7), മാര്‍ബെലി ഹെര്‍ണാണ്ടസ് (5), എല്‍ഡോര്‍ ഹെര്‍ണാണ്ടസ് (32), മാരിയേല ഗുഡ്മാന്‍ പിന്റോ (19) എന്നിവരാണ് മരിച്ചത്.
വീട്ടിലേക്ക് ആരെങ്കിലും തള്ളിക്കയറിയതായോ, പരിക്കുകള്‍ ഉള്ളതായോ തെളിവുകള്‍ ഇല്ലെന്നും, മരണകാരണം ഓട്ടോപ്‌സിക്കുശേഷമേ വെളിപ്പെടുത്താനാവുകയുള്ളവെന്നും പോലീസ് പറഞ്ഞു. ഗ്യാസ് ലീക്കോ, കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണോ മരണകാരണമെന്നു പറയാന്‍ അധികൃതര്‍ വിസമ്മതിച്ചു. മൃതദേഹങ്ങള്‍ ജന്മദേശമായ ഹുണ്ടൂറസിലേക്ക് കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ പറഞ്ഞു. അതിനാവശ്യമായ ഫണ്ട് രൂപീകരിക്കുന്നതിനു ഗോ ഫണ്ട് മീ ആരംഭിച്ചിട്ടുണ്ട്. അമ്പതിനായിരം ഡോളറാണ് പ്രതീക്ഷിക്കുന്നത്.