തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നാടാണു കേരളമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
മാനവശേഷി വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും നിരവധി സൂചികകളില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മാറിമാറി വന്ന സര്‍ക്കാരുകള്‍ വളര്‍ച്ചയുടേയും വികസനത്തിന്റേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവച്ചു. ഇതു മികവിന്റെ നിരവധി തലങ്ങളില്‍ കേരളത്തിന്റെ നേതൃസ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചു. കേരളത്തിലെ ജനങ്ങള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറെ ആദരം നേടിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ ഇവിടേയ്ക്കു പണം അയക്കുക മാത്രമല്ല, തൊഴിലിടങ്ങളായി അവര്‍ എത്തിയ ദേശങ്ങളില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. സേവന മേഖലയില്‍ സംസ്ഥാനത്തുനിന്നുള്ള പ്രൊഫഷണലുകള്‍, പ്രത്യേകിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലായിടത്തും ഏറെ ബഹുമാനം പിടിച്ചുപറ്റുന്നവരാണ്. കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരുമായിരുന്നു ഇന്ത്യയില്‍നിന്നും മധ്യപൂര്‍വേഷ്യയില്‍നിന്നുമുള്ള കോവിഡ് പോരാളികളില്‍ മുന്‍പന്തിയില്‍.വിദൂര ഗ്രാമങ്ങളില്‍പ്പോലും ഒരു ഗ്രന്ഥശാലയുണ്ടെന്നതു കേരളത്തിന്റെ സവിശേഷതയാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ആരാധനാലയങ്ങളുമായോ വിദ്യാലയങ്ങളുമായോ പ്രത്യേക ബന്ധമുണ്ടാകുന്നതുപോലെ തൊട്ടടുത്തുള്ള വായനശാലയുമായി വൈകാരിക ബന്ധുണ്ട്. പി.എന്‍. പണിക്കര്‍ പ്രസ്ഥാനം ഒരുക്കിയ ഗ്രന്ഥശാലകള്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നാഡീകേന്ദ്രങ്ങളായി മാറി. കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനം ഇതിന് ഉദാഹരണമാണ്. പി.എന്‍. പണിക്കര്‍ ആരംഭിച്ച ഗ്രന്ഥശാലാ സംഘം ആയിരക്കണക്കിനു ഗ്രന്ഥശാലകളുടെ ശൃംഖലയായി വളര്‍ന്നു. പി.എന്‍. പണിക്കര്‍ വിജ്ഞാന വികാസ കേന്ദ്രം എന്ന പേരില്‍ കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനം തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ട്. അറിവിലൂടെ ദാരിദ്ര്യം കുറയ്ക്കുകയും യുവാക്കള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തുകയുമാണ് ഇത്തരം കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.ഗ്രന്ഥശാലകളോടുള്ള പൊതുജനാഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനു പുതിയ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തണമെന്നു ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇതുവഴി വായനയുടെ പുതിയ രീതികള്‍ പുതുതലമുറയ്ക്കു സ്വായത്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുരോഗമനത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ ചൂണ്ടിക്കാട്ടി. സമത്വത്തിലും സാഹോദര്യത്തിലുമൂന്നിയ കാഴ്ചപ്പാട് സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഗ്രന്ഥശാലകള്‍ നിര്‍ണായക പങ്കുവച്ചു. ദേശീയ പ്രസ്താനങ്ങള്‍ക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും കരുത്തുപകര്‍ന്നതെന്നത് ഇതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് ഉപഹാരം സമര്‍പ്പിച്ചു. പി.എന്‍. പണിക്കരുടെ വെങ്കല പ്രതിമ നിര്‍മിച്ച ശില്‍പ്പി കെ.എസ്. സിദ്ധനും മുഖ്യമന്ത്രി മൊമെന്റോ നല്‍കി. രാഷ്ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പി.ജെ. കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, എയര്‍മാര്‍ഷല്‍ ജെ. ചലാപതി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ബി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. പൂജപ്പുരയില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു പുറമേ പി.ജെ. കുര്യന്‍, എന്‍. ബാലഗോപാല്‍, പന്ത്യന്‍ രവീന്ദ്രന്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു.ചടങ്ങിനു ശേഷം രാജ്ഭവനിലേക്കു തിരിച്ച രാഷ്ട്രപതി വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്നു രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം (24 ഡിസംബര്‍) രാവിലെ 10.20നു തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്കു മടങ്ങും.