ഉപരാഷ്ട്രപതി ജനുവരി മൂന്നിന് ജില്ലയില്‍

Spread the love

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് ജില്ലയിലെത്തും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചന്‍) 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. കൊച്ചിയില്‍നിന്ന് ഹെലികോപ്ടറില്‍ രാവിലെ 9.45ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടില്‍ എത്തുന്ന രാഷ്ട്രപതിയെ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എം.പി., ദക്ഷിണ മേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍, സി.എം.ഐ. കോണ്‍ഗ്രിഗേഷന്‍ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ സി.എം.ഐ. എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് റോഡു മാര്‍ഗേണ രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തും. തുടര്‍ന്ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഖബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10ന് സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍, സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എം.പി., സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സി.എം.ഐ. വികാര്‍ ജനറല്‍ ഫാ. ജോസി താമരശ്ശേരി, സി.എം.സി. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയന്‍ ചാമത്തറ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 11.15ന് റോഡു മാര്‍ഗേണ ആര്‍പ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടില്‍ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറില്‍ കൊച്ചിയിലേക്കു മടങ്ങും.ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ മാന്നാനത്ത് ഉദ്യോഗസ്ഥതല യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ രാവിലെ ഒമ്പതിനകം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വേദിയിലെത്തണം. പങ്കെടുക്കുന്നവര്‍ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എന്‍ 95 മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മൊബൈല്‍ഫോണ്‍, കുടിവെള്ളക്കുപ്പികള്‍, ബാഗ് അടക്കമുള്ള വസ്തുക്കള്‍ ഒഴിവാക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഉപരാഷ്ട്രപതി സഞ്ചരിക്കുന്ന മെഡിക്കല്‍കോളജ്-മാന്നാനം റൂട്ടില്‍ അന്നേദിവസം ഉച്ചവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, സി.എം.ഐ. വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരി, എ.ഡി.എം. ജിനു പുന്നൂസ്, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *