ടൂറിസം വകുപ്പ് ജീവനക്കാര്‍ ഒരുക്കിയ വിഭവങ്ങളിലും ആതിഥേയത്വത്തിലും ആകൃഷ്ടനായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നാലുദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും കുടുബാംഗങ്ങള്‍ക്കും ജനുവരി 2, 3 തീയതികളില്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു താമസം ഒരുക്കിയിരുന്നത്.

ടൂറിസം വകുപ്പിലെ പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ വളരെ നന്നായിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനോട് ഉപരാഷ്ട്രപതി നേരിട്ട് പറഞ്ഞു.

കേരളീയ രീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും മുതല്‍ വാഴയിലയിലെ സദ്യ വരെ വളരെ ആസ്വദിച്ചു കഴിച്ചാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്. കായല്‍ മത്സ്യങ്ങളാണ് അദ്ദേഹം കൂടുതലും ആസ്വദിച്ചത്. പ്രാതലിന് ലഭിച്ച പുട്ട് നന്നായി ഇഷ്ടപ്പെട്ട ഉപരാഷ്ട്രപതിയുടെ ഭാര്യ ഉഷ പുട്ട് ഉണ്ടാക്കുന്ന വിധം ചോദിച്ചു മനസിലാക്കി. മാത്രമല്ല പുട്ട് ഉണ്ടാക്കുന്നതിന് ചിരട്ട പുട്ട്കുറ്റി, സ്റ്റീല്‍ പുട്ട് കുറ്റി എന്നിവ വാങ്ങിപ്പിച്ച് അതിനു ചിലവായ പണംകൂടി നല്‍കിയാണു യാത്രയായത്. 21 വിഭവങ്ങള്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉപരാഷ്ട്രപതിക്ക് ഒരുക്കിയിരുന്നു.

ടൂറിസം വകുപ്പ് ജീവനക്കാരുടെ ആതിഥേയത്വം സമാന തകളില്ലാത്തതാണെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉപ രാഷ്ട്രപതിയും സംഘവും ജീവനക്കാരോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് അതിഥി മന്ദിരത്തില്‍ നിന്നും മടങ്ങിയത്.

Leave Comment