ഡാലസ് : 2020 ല്‍ കോവിഡ് മഹാമാരി വ്യാപകമായതിനുശേഷം ഡാലസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ഡിസംബര്‍ 7 ന് ഏകദിന റിക്കാര്‍ഡ്. വ്യാഴാഴ്ച കൗണ്ടിയില്‍ മാത്രം 6310 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. 2021 ജനുവരിക്കുശേഷം ഇത്രയും ഉയര്‍ന്ന കോവിഡ് രോഗികളെ കൗണ്ടിയില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്.
നോര്‍ത്ത് ടെക്‌സസില്‍ കോവിഡ് 19 അതിവേഗം വ്യാപിക്കുന്നതായും അതോടൊപ്പം ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും ശക്തമാകുന്നതായും കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 6310 കേസുകളില്‍ വീടുകളില്‍ കോവിഡ് 19 പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു. മുന്‍പ് ഉണ്ടായിരുന്ന ആല്‍ഫ, ഡെല്‍റ്റാ കോവിഡ് വൈറസിനേക്കാള്‍ അപകടകാരിയല്ല ഒമിക്രോണ്‍ വേരിയന്റെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നോര്‍ത്ത് ടെക്‌സസില്‍ കോവിഡ് വ്യാപനം മൂലം ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ കാര്യമായ അഭാവം അനുഭവപ്പെടുന്നതു പരിഹരിക്കാന്‍ 1000 ട്രാവലിങ് നാഴ്‌സുമാരുടെ സേവനം സംസ്ഥാന ഗവണ്‍മെന്റ് വിട്ടു നല്‍കിയിട്ടുണ്ട്. ഡാലസ് കൗണ്ടിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന രോഗികളുടെ എണ്ണം ഇതിനുമുന്‍പ് രേഖപ്പെടുത്തിയത് ഒരുവര്‍ഷം മുമ്പു ജനുവരി 12 നായിരുന്നു. 3549 പേര്‍ക്കായിരുന്നു അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.