ക്രൈസ്തവരെ വേട്ടയാടി പീഡിപ്പിക്കുന്നവര്‍ ചരിത്ര സംഭാവനകളെ തമസ്‌കരിക്കുന്നവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Spread the love

കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവരെ വേട്ടയായി പീഡിപ്പിക്കുന്നവര്‍ പൊതുസമൂഹത്തിനായി ഭാരത ക്രൈസ്തവ സമൂഹം കാലങ്ങളായി പങ്കുവെച്ച സേവനശുശ്രൂഷകളുടെ ഗുണഭോക്താക്കളാണെന്നും ക്രൈസ്തവ സമൂഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളെ ബോധപൂര്‍വ്വം തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ക്രൈസ്തവ മിഷനറിമാരുടെ ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഗുണഫലമനുഭവിച്ചവിരിപ്പോള്‍ പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചും നിലവിലുള്ള നിയമങ്ങളെ അട്ടിമറിച്ച് നിഷ്‌ക്രിയമാക്കിയും പീഡിപ്പിച്ച് തുറുങ്കിലടയ്ക്കാന്‍ ശ്രമിക്കുന്നതിനെതിരെ പൊതുമനസാക്ഷിയുണരണം. ആരോരുമില്ലാതെ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ആലംബഹീനര്‍ക്ക് അഭയകേന്ദ്രങ്ങളൊരുക്കിയതാണോ ക്രൈസ്തവര്‍ ചെയ്ത തെറ്റ്? വിശപ്പിന്റെ വിളിയില്‍ ജീവനുവേണ്ടി കൊതിച്ച പട്ടിണിപ്പാവങ്ങളെ സ്‌നേഹത്തോടെ വാരിപ്പുണര്‍ന്ന് അന്നം നല്‍കിയതും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേയ്ക്ക് കടന്നുചെന്ന് രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹത്തിന്റെ ഹൃദയത്തിനുള്ളിലേയ്ക്ക് അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ചുകൊടുത്തതും ക്രൈസ്തവ മിഷനറിമാരാണെന്നുള്ളത് ഭരണത്തിലിരിക്കുന്നവര്‍ ബോധപൂര്‍വ്വം മറക്കരുത്.

മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ കൈയേറി അക്രമിക്കുക, ദേവാലയങ്ങളും പുണ്യരൂപങ്ങളും തകര്‍ക്കുക, വൈദികരെയും സന്യാസിനികളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്തവ വീടുകള്‍ തെരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക, പതിനായിരക്കണക്കിന് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന ആതുരാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൂരതയ്ക്കും നിഷ്ഠൂരതയ്ക്കും, ക്രൈസ്തവ വിരുദ്ധ സമീപനങ്ങള്‍ക്കും അവസാനമുണ്ടാകണം.

ഓടി വരുന്ന ഒരാള്‍ക്ക് ചേക്കേറാനുള്ള ഇടമല്ല ക്രൈസ്തവ സഭ. നിര്‍ബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങള്‍ നല്‍കിയോ ആരെയും സഭയില്‍ ചേര്‍ക്കാറില്ല. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കന്ന ക്രൈസ്തവ സമൂഹത്തിന് അതിന്റെ ആവശ്യവുമില്ല. രാജ്യത്തെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇരുപതോളം നിയമവകുപ്പുകള്‍ രാജ്യത്തുണ്ടായിരിക്കുമ്പോള്‍ മതപരിവര്‍ത്തന നിയമമുണ്ടാക്കി ക്രൈസ്തവര്‍ക്കുനേരം ബോധപൂര്‍വ്വം നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Author

Leave a Reply

Your email address will not be published. Required fields are marked *