കൊച്ചി വാട്ടര്‍ മെട്രോ : രണ്ടാമത്തെ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് നീറ്റിലിറക്കി

വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ രണ്ടാമത്തേത് ഇന്ന് നീറ്റിലിറക്കി. ബോട്ടിന്റെ 75 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ നീറ്റിലിറക്കിയശേഷമാണ് നിര്‍വ്വഹിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോ ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നീലകണ്ഠന്‍, ജനറല്‍ മാനേജര്‍ ശിവ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് നീറ്റിലിറക്കിയത്. ഔട്ട് ഫിറ്റിംഗ്, ഷാഫ്റ്റ് അലൈന്‍മന്റ് പ്രവൃത്തികള്‍, ബേസിന്‍ ട്രയല്‍, സീ ട്രയല്‍ തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി കെ.എം.ആര്‍.എല്ലിന് കൈമാറിയ ആദ്യ ബോട്ടിന്റെ ട്രയല്‍ റണ്‍ വൈറ്റില ടെര്‍മിനലില്‍ ആരംഭിച്ചു. ഫാസ്റ്റ് ചാര്‍ജിംഗ് മെക്കാനിസം, ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം, കമ്യൂണിക്കേഷന്‍ സിസ്റ്റം തുടങ്ങിയവയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ട്രയലിന് വിധേയമാക്കുന്നത്.

Leave Comment