റബര്‍ ആക്ട് റദ്ദാക്കിയുള്ള പുതിയ കരട് നിയമശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് പ്രഹരമാകും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: നിലവിലുള്ള റബര്‍ അക്ട് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ റബര്‍നിയമ ശുപാര്‍ശകള്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പ്രമുഖ റബറുല്പാദന രാജ്യങ്ങളുമായുള്ള ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് നിലവിലുള്ള നിയമം റദ്ദാക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. കര്‍ഷകരുടെയും കൂടി നന്മയും ക്ഷേമവും ലക്ഷ്യംവെയ്ക്കുന്ന പല വകുപ്പുകളും നിലവിലുള്ള റബര്‍ ആക്ടിലുണ്ട്. പക്ഷെ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും റബര്‍ ബോര്‍ഡും പരാജയപ്പെട്ടു. പുതിയ നിയമ നിര്‍ദ്ദേശങ്ങളാകട്ടെ റബറധിഷ്ഠിത ഉല്പന്നങ്ങളുടെ വ്യവസായ വിപണനവും കുറഞ്ഞ ചെലവില്‍ അസംസ്‌കൃത റബര്‍ ലഭ്യമാക്കുന്നതിനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഇറക്കുമതി കൂടുതല്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി എടുത്തുകളയുവാനും കേന്ദ്രസര്‍ക്കാരിനാകും. റബറിനെ കാര്‍ഷികോല്പന്നമാക്കുമെന്ന് മുന്‍കാലങ്ങളില്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബര്‍ ബോര്‍ഡും നടത്തിയ പ്രഖ്യാപനങ്ങള്‍ തട്ടിപ്പായിരുന്നുവെന്ന് കരട് നിയമത്തിലൂടെ വ്യക്തമാകുന്നു.

റബര്‍ ആക്ട് റദ്ദുചെയ്യപ്പെടുമെന്ന് 2018ല്‍ ഇന്‍ഫാം പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. നിലവിലുള്ള നിയമത്തിലെ 13-ാം വകുപ്പ് മറ്റൊരുരൂപത്തില്‍ കരടില്‍ 30-ാം വകുപ്പായി സ്ഥാനം പിടിച്ചിട്ടുണ്ട്. റബര്‍ ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ കേന്ദ്രസര്‍ക്കാരിന് അസംസ്‌കൃത റബറിന്റെ കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കാന്‍ പുതിയ നിയമത്തില്‍ അധികാരം നല്‍കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് കര്‍ഷകരായിരിക്കും. കയറ്റുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന നിര്‍ദ്ദേശം പരിഗണിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത റബറിന്റെയും റബറുല്പന്നങ്ങളുടെയും ഗുണനിലവാരം പരാമര്‍ശിക്കുന്നില്ല, കാലക്രമേണ ചണ്ടിപ്പാല്‍ ഇറക്കുമതിക്കും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കും. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുവാനുള്ള ഒരു വകുപ്പും കരടു നിയമത്തിലില്ല. അടിസ്ഥാനവില വ്യവസായികളുടെ സംരക്ഷണത്തിനേ ഉപകരിക്കൂ.

കരടുബില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും സംരക്ഷണകവചമൊരുക്കും. കേരളത്തില്‍ നിന്ന് റബര്‍ ബോര്‍ഡ് ആസ്ഥാനം പോലും പറിച്ചുമാറ്റപ്പെടുന്ന സാഹചര്യം ഭാവിയില്‍ സൃഷ്ടിക്കപ്പെടും. റബര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡും കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാകും. കേന്ദ്ര കൃഷിമന്ത്രാലയത്തിനോ സംസ്ഥാന സര്‍ക്കാരിനോ ആഭ്യന്തര റബര്‍ വിപണിയില്‍ യാതൊരു പങ്കുമുണ്ടായിരിക്കില്ല. കേരളത്തിലെ റബര്‍ തോട്ടങ്ങളില്‍ വിളമാറ്റകൃഷിക്ക് സാഹചര്യമൊരുക്കാനായി കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഭാവിയില്‍ നിലനില്‍പ്പുള്ളൂ. റബര്‍ കൃഷിയില്‍നിന്ന് കര്‍ഷകരെ ബോധപൂര്‍വ്വം ഒഴിവാക്കി പ്രകൃതിദത്ത ഗുണനിലവാരമില്ലാത്ത ബ്ലോക്കു റബറിന്റെ അനിയന്ത്രിത ഇറക്കുമതിക്ക് അവസരമൊരുക്കുന്ന പുതിയ റബര്‍ നിയമ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ റബര്‍മേഖലയ്ക്ക് വരും നാളുകളില്‍ കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍

Author

Leave a Reply

Your email address will not be published. Required fields are marked *