കണ്ണൂർ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് ശുപാർശ ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി R. ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയത് സ്വജനപക്ഷപാതവും, അഴിമതിയും, അധികാര ദുർവിനിയോഗവുമാണെ ന്നും, ശുപാർശ ചെയ്ത മന്ത്രിക്ക് തൽസ്ഥാനത്തു തുടരുവാൻ അവകാശമില്ലെന്നും കാണിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്ത ഹരുൺ. R. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവായി.
യൂണിവേഴ്സിറ്റി നിയമപ്രകാരം, ചാൻസിലർ കൂടിയായ ഗവർണർ വിസി നിയമനത്തിന് മുന്നോടിയായി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അതുപ്രകാരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കുകയും, ഗവർണറുടെ സെക്രട്ടറിയേറ്റ് കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർക്കോ കണ്ണൂർ സർവകലാശാലയിലയിലെ സീനിയർ പ്രൊഫസർക്കോ വൈസ് ചാൻസലറുടെ താൽക്കാലികചുമതല നൽകുവാനുള്ള ഫയൽ ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തുവെങ്കിലും, മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് ഡോ: ഗോപിനാഥ് രവീന്ദ്രന് ചട്ട വിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി.
ഇതുസംബന്ധിച്ച ഫയലിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ഗവർണറുടെ ഓഫീസിൽ നിന്നും തനിക്ക് ലഭ്യമാകാത്തത് കൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കോടതി വിളിച്ചു വരുത്തണമെന്ന് രമേശ് ചെന്നിത്തല ഇന്ന് ലോകയുക്തയിൽ ഉപഹർജ്ജി ഫയൽ ചെയ്തു. തുടർന്ന് സർക്കാർ ആറ്റോർണി T. A. ഷാജിയോട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകയുക്ത നിർദ്ദേശം നൽകി. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ
ജോർജ് പൂന്തോട്ടം ഹാജരായി.കേസ് ഫെബ്രുവരി ഒന്നിന് തുടർ വാദത്തിനായി മാറ്റി.