കൊച്ചി: ഫെഡറൽ ബാങ്കിന്റെ പാദവാർഷിക അറ്റാദായം ചരിത്രത്തിൽ ആദ്യമായി 500 കോടി രൂപ കടന്നു. 2021 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്ക് 521.73 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂന്നാം പാദത്തില്‍ 404.10 കോടി രൂപയായിരുന്നു അറ്റാദയം. 29 ശതമാനമാണ് അറ്റാദായത്തിലുണ്ടായ വര്‍ധനവ്. 914.29 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. വായ്പാ വിതരണത്തില്‍ 12.14 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 19.23 ശതമാനം വിപണിവിഹതത്തോടെ വിദേശത്തു നിന്നുള്ള നിക്ഷേപത്തിൽ ഫെഡറല്‍ ബാങ്ക് കരുത്തോടെ മുന്നേറ്റം തുടരുന്നു.
‘എല്ലാ തലങ്ങളിലും പുരോഗതി കൈവരിച്ച് മികച്ച പ്രകടനം തുടരാന്‍ ബാങ്കിന് കഴിഞ്ഞു. അച്ചടക്കമുള്ള രീതികൾ അവലംബിച്ചതിന്റെ പിന്‍ബലത്തില്‍ വായ്പകളുടെ ഗുണനിലവാരം ഈ പാദത്തിലും മികച്ചു നിന്നു. അറ്റ പലിശ വരുമാനം, ഫീസ് വരുമാനം, അറ്റ പലിശ മാര്‍ജിന്‍ എന്നിവയില്‍ ഉണ്ടാക്കിയ കാര്യമായ നേട്ടത്തിന് ബാങ്കിന്റെ അറ്റാദായം വർധിച്ചതിൽ മുഖ്യ പങ്കുണ്ട്. അറ്റാദായത്തില്‍ ഉണ്ടായ 29 ശതമാനം വര്‍ധനവ് ആസ്തി വരുമാനം മെച്ചപ്പെടുത്താനും സഹായകമായി,’ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) 15 ശതമാനം വളര്‍ന്ന് 64,343.28 കോടി രൂപയിലെത്തി. കാസ അനുപാതം എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 36.68 ശതമാനത്തിലുമെത്തി. മൊത്തം ബിസിനസ് 10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 3,16,174.33 കോടി രൂപയിലെത്തി. 1,61,669.92 കോടി രൂപയായിരുന്ന മൊത്തം നിക്ഷേപം 8.51 ശതമാനം വര്‍ധിച്ച് 1,75,431.69 കോടി രൂപയായി. ബാങ്കിന്റെ അറ്റ മൂല്യം 18,087.98 കോടി രൂപയാണ്.
കാര്‍ഷിക വായ്പകൾ 17.95 ശതമാനം വര്‍ധനവോടെ 18,431 കോടി രൂപയായി. ഭവന വായ്പകള്‍ 13.87 ശതമാനം വര്‍ധിച്ച് 21,684 കോടി രൂപയിലെത്തി. സ്വര്‍ണവായ്പകള്‍ 11.48 ശതമാനം വളര്‍ച്ചയോടെ 16,378 കോടി രൂപയിലെത്തി.
മൂന്നാം പാദം അവസാനിച്ചപ്പോള്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 4,401.26 കോടി രൂപയും അറ്റ നിഷ്‌ക്രിയ ആസ്തി 1,471.18 കോടി രൂപയുമാണ്. ശതമാന നിരക്കിൽ ഇവ യഥാക്രമം 3.06 ശതമാനവും 1.05 ശതമാനവുമാണ്. 79.62 ശതമാനമാണ് നീക്കിയിരുപ്പ് അനുപാതം. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.37 ശതമാനമാണ്. 2021 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന് ഇന്ത്യയിലൊട്ടാകെയായി 1,274 ശാഖകളും 1,882 എടിഎമ്മുകളുമാണുള്ളത്.
Report : Anju V Nair (Account Manager)