ചരിത്രത്തിന്റെ കാവ്യനീതി- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

ഈ വിധി ചരിത്രത്തിന്റെ കാവ്യനീതിയാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ഒരു പ്രസ്ഥാനത്തിന്റെ ധിക്കാരത്തിനേറ്റ രാഷ്ട്രീയവും നിയമപരവുമായ പ്രഹരം.ഏഴു വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സത്യം വിജയിച്ചിരിക്കുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരമായി 10,10,000 രൂപ ഉമ്മന്‍ചാണ്ടിക്ക് നല്‍കണം. അന്യായം നല്‍കിയ ദിവസം മുതല്‍ 6 % ശതമാനം പലിശയും കോടതി ചെലവും പ്രത്യേകമായി നല്‍കുകയും വേണം. സരിതയുടെ മറവില്‍ ഉമ്മന്‍ചാണ്ടി സോളാര്‍ കമ്പനി രൂപീകരിച്ച് മൂന്നരക്കോടി തട്ടി എന്നാണ് അച്യുതാനന്ദന്‍ വിളിച്ചു പറഞ്ഞതും ദേശാഭിമാനി പ്രസിദ്ധീകരിച്ചതും.

V S Achuthanandan Photos [HD]: Latest Images, Pictures, Stills of V S Achuthanandan - Oneindia

സോളാര്‍ സമരം സിപിഎമ്മിന് സൗകര്യപൂര്‍വ്വം വിസ്മരിക്കാം കാരണം അവര്‍ അധികാരത്തിലിരിക്കുകയാണല്ലോ ! എന്നാല്‍ കേരളത്തിന് എളുപ്പം മറക്കാനാവില്ല. തലസ്ഥാന നഗരിയില്‍ സെക്രട്ടറിയേറ്റ് വളഞ്ഞുവച്ച് എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ച് നിങ്ങള്‍ നടത്തിയ ”സോളാര്‍ സമരം”, നടത്തിയതും പിന്‍വലിച്ചതും ഏറെ വിവാദമായിരുന്നല്ലോ! ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്റ്‌നെ പരാജയപ്പെടുത്താനും എല്‍ഡിഎഫിന് സാധിച്ചത് പ്രചണ്ഡമായ സോളാര്‍ പ്രചരണത്തിലൂടെ ആയിരുന്നു. അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് പിന്നീട് സോളാര്‍ പോലുള്ള വിഷയങ്ങള്‍ ഉന്നയിക്കാനും നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സരിതയെ മുന്‍നിര്‍ത്തി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്ന അന്തര്‍നാടകങ്ങക്കും കേരളത്തിന് സാക്ഷിയാകേണ്ടിവന്നു.

സത്യം ഇന്ന് മറനീക്കി പുറത്തുവന്നിരിക്കുന്നു. സിപിഎമ്മിന്റെ മുഖത്തേറ്റ ദാക്ഷിണ്യമില്ലാത്ത തിരിച്ചടി. ഒരക്ഷരം സോളാര്‍ വിധി സംബന്ധിച്ച് പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. കേരളം മുഴുവന്‍ ബഹുമാന ആദരപൂര്‍വം നോക്കി കാണുന്ന ഉമ്മന്‍ചാണ്ടിയെ കേരളീയ സമൂഹത്തിനു മുന്നില്‍ ക്രൂര വിചാരണ നടത്തി ഉന്മാദിച്ചവര്‍ മാപ്പ് എന്ന രണ്ടക്ഷരം എങ്കിലും കേരളത്തോട് വിളിച്ചു പറയാനുള്ള രാഷ്ട്രീയ മാന്യത കാണിക്കണം. അത്രയെങ്കിലും പശ്ചാത്തപിക്കാന്‍ ഉള്ള മനസ്സ് നിങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് എന്ത് രാഷ്ട്രീയ മാന്യത ?എന്ത് രാഷ്ട്രീയ പ്രബുദ്ധത?

പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ സിപിഎം നേതൃത്വത്തില്‍ നടത്തിയ അക്രമങ്ങളും ആരോപണങ്ങളും ഇന്ന് അവര്‍ക്കുതന്നെ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ അഴിമതി ആക്ഷേപത്തിന് അന്ത്യം കുറച്ചിരിക്കുന്നു. സോളാര്‍ സമരത്തിന് ശേഷമാണ് കെ എം മാണിക്കെതിരെ നിങ്ങള്‍ മറ്റൊരു ആരോപണവുമായി മുന്നോട്ടു വന്നത്. മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ എന്ന പ്രയോഗം നിങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം വിസ്മരിക്കാം. വിസ്മരിക്കുക അല്ല നിങ്ങള്‍ ചെയ്യുന്നത് അപ്പാടെ വിഴുങ്ങുക എന്നതാണ്. മാണിക്കെതിരായ കോടതി പരാമര്‍ശം പോലും നിങ്ങള്‍ തിരുത്തിയ കാലമാണിത്. പക്ഷേ നിങ്ങള്‍ കേരള നിയമസഭയില്‍ നടത്തിയ അക്രമം സമരത്തിന്റെ സംസാരിക്കുന്ന ചിത്രങ്ങള്‍ കേരളത്തിന്റെ മനസ്സിലുണ്ട്. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമസഭയുടെ അകത്തളത്തില്‍ നടത്തിയ പേക്കൂത്ത് കേരളം ഉള്ള കാലം വരെ മലയാളക്കര മറക്കില്ല. ഉടുമുണ്ട് മടക്കികുത്തി തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കും വിധം ഇന്നത്തെ ”വിദ്യാ”ഭ്യാസമന്ത്രിയുടെ തേര്‍വാഴ്ച കോടതി പരിശോധനയിലാണ്. സ്പീക്കറുടെ ചേംബര്‍ തന്നെ തകര്‍ത്തെറിയുന്ന മനുഷ്യന്‍ അതേ സ്പീക്കര്‍ കസേരയില്‍ ഇരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം. നിയമസഭാ കയ്യാങ്കളിയും കോടതി മുറിയിലുണ്ട്. അധികം വൈകാതെ പലര്‍ക്കും അധികാരം വിട്ടൊഴിയേണ്ടിവന്നേക്കാം. കാലമെത്ര കടന്നുപോയാലും ഒരുനാള്‍ സത്യം പുറത്തു വരിക തന്നെ ചെയ്യും. ധിക്കാരത്തിന്റെയും ദാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയത്തിന് താല്‍ക്കാലിക വിജയം കാണാന്‍ സാധിച്ചേക്കാം എന്നാല്‍ ആത്യന്തിക വിജയം ശരിയുടെ പക്ഷത്ത് തന്നെയായിരിക്കും. അതാണ് ചരിത്രത്തിന്റെ കാവ്യനീതി. സത്യം ഒരു നാള്‍ വിജയിക്കുക തന്നെ ചെയ്യും.

 

 

 

 

 

Leave Comment