വ്യാജപ്രചരണം നടത്തി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി തേജോവധം ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിച്ച സിപിഎമ്മിന് കിട്ടിയ കടുത്തശിക്ഷയും താക്കീതുമാണ് കോടതിവിധിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
സോളാര്‍ക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍പ്രതിപക്ഷ നേതാവ് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധിയിലൂടെ സിപിഎമ്മിനും വിഎസ് അച്യുതാനന്ദനും കിട്ടിയത് കനത്ത പ്രഹരമാണ്.അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ ശ്രമിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേരളജനതയോട് പരസ്യമായി മാപ്പുപ്പറയണം. സോളാര്‍ വിഷയത്തില്‍ നീചവും ക്രൂരവുമായ പ്രചരണമാണ് സിപിഎം നേതാക്കള്‍ നടത്തിയത്. ഉമ്മന്‍ചാണ്ടിയെന്ന ജനകീയ നേതാവിനെ അധികാരത്തിന്റെ ബലത്തില്‍ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളൊന്നും
ഫലം കണ്ടില്ല.സോളാര്‍ക്കേസിന് പുറമെ, പാമോയില്‍,വിഴിഞ്ഞം,പാറ്റൂര്‍,ടൈറ്റാനിയം,കോഴിക്കോഴ തുടങ്ങിയ നിരവധിക്കേസുകളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കമ്മീഷനെ ചുമതലപ്പെടുത്തി അന്വേഷിച്ചിട്ടും ഒന്നിലും തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അവയില്‍ നിന്ന് ഒളിച്ചോടാതെ തന്റേടത്തോടെ അതിന് നേരിട്ട വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്നും അന്വേഷണം കഴിയുമ്പോള്‍ ഊതിക്കാച്ചിയ പൊന്നിന്റെ ശോഭയോടെ ജനമധ്യത്തിലേക്ക് മടങ്ങിവരുമെന്ന് യുഡിഎഫിന് ഉറച്ചവിശ്വാസം ഉണ്ടായിരുന്നു. ഇക്കാര്യം യുഡിഎഫ് അന്ന് തന്നെ വ്യക്തമാക്കിയതാണ്. അത് ഇപ്പോള്‍ ശരിവെയ്ക്കുന്നതാണ് കോടതിവിധിയെന്നും ഹസന്‍ പറഞ്ഞു.