കെപിസിസി 137 രൂപ ചലഞ്ചില്‍ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പങ്കാളിയായി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 ാം ജന്മവാര്‍ഷികത്തില്‍ കെപിസിസി ആഹ്വാനം ചെയ്ത 137 ചലഞ്ചിനെ നെഞ്ചിലേറ്റി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കിന് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ് രാഹുല്‍ഗാന്ധിയുടെ പങ്കാളിത്തം. 137ന്റെ 10 ഗുണിതങ്ങളാണ് രാഹുല്‍ഗാന്ധിയുടെ സമ്മാനം. കെപിസിസിയുടെ ആഹ്വാനത്തില്‍ ഹൃദയംകൊണ്ട് പങ്കുചേര്‍ന്ന രാഹുല്‍ജിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് വേണ്ടി മനസ്സില്‍ ചേര്‍ത്തുവച്ച നന്ദി രേഖപ്പെടുത്തി.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ഡല്‍ഹിയില്‍ വച്ച് 137 ചലഞ്ചില്‍ പങ്കാളിയായി. കെപിസിസി ആഹ്വാനം ചെയ്ത ജന്മദിന ക്യാമ്പയിന്‍ ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണാധികാരികള്‍ അധികാരമുപയോഗിച്ച് ധനസമാഹരണം നടത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പൊതുജനങ്ങളില്‍ നിന്നും 137 രൂപ സമാഹരിച്ച് നടത്തുന്ന പ്രചരണ രീതി എന്തുകൊണ്ടും മാതൃകാപരവും ആവേശകരവും ആണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഏറ്റവും സുതാര്യമായ നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 ാം ജന്മദിനത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച 137 ചലഞ്ച് രാജ്യത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാകെ ഉത്തേജനം പകരുന്നതാണ്, ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അഭിമാനം കൊള്ളുന്നു എന്നും കെ.സി.വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave Comment