അക്രമം പ്രതിഷേധാര്‍ഹം : സുധാകരന്‍ എംപി

Spread the love

സര്‍ക്കാര്‍ ഓഫീസുകളില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം അനുകൂല സംഘടനകളുടെ നടപടി അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ(ഐഎന്‍ടിയുസി) ഭാരവാഹികള്‍ക്കുനേരെ കേരള ഗവണ്‍മെന്റ് പ്രസ്സ് എംപ്ലോയിസ് യൂണിയന്റെ(സിഐടിയു) ഗുണ്ടകള്‍ നടത്തിയ അക്രമം പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.

സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്ത പ്രസ്സ് എംപ്ലോയിസ് യൂണിയന്‍ പ്രവര്‍ത്തകരുടെ നടപടി ജനാധിപത്യവിരുദ്ധമാണ്.പുതിതായി ജോലിയില്‍ പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ക്കാനുള്ള പ്രസ്സ് എംപ്ലോയിസ് യൂണിയന്‍ പ്രവര്‍ത്തകരുടെ നീക്കം ചോദ്യം ചെയ്തതിനാണ് കേരള സര്‍ക്കാര്‍ പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികളായ സന്തോഷ്, രഞ്ചിത്ത്,ജോതിരാജ് എന്നിവരെ മര്‍ദ്ദിച്ച് അവശരാക്കിയത്. അധികാരത്തിന്റെ തണലില്‍ കയ്യൂക്ക് കൊണ്ട് സംഘടനാ പ്രവര്‍ത്തനം അട്ടിമറിക്കാമെന്ന് കരുതിയെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.

പുതിയതായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. അധികാരത്തിന്റെ ഗര്‍വ്വ് ഉപയോഗിച്ച് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി സിപിഎം അനുകൂല സംഘടനയില്‍ ചേര്‍ക്കുന്ന നടപടി പ്രാകൃതമാണ്. അന്തസ്സായി സംഘടനാ പ്രവര്‍ത്തനം നടത്താനും മാന്യമായി പെരുമാറാനും പാരമ്പര്യമുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെ സാധിക്കു. അതിനാലാണ് മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പിന് കീഴിലെ സിപിഎം അനുകൂല പ്രസ്സ് എംപ്ലോയിസ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ഇത്തരം മാന്യത ഇല്ലാതെ പോയത്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലിസും വകുപ്പുതല നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *