സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

Spread the love

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമഗ്ര സ്‌ട്രോക്ക് സെന്റര്‍

4.16 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കുന്നത്. ഡി.എസ്.എ. ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്‌കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റമാണ് കാത്ത് ലാബില്‍ സജ്ജമാക്കുന്നത്. തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാന്‍ ഈ കാത്ത്‌ലാബ് സഹായിക്കും. ഹൃദയത്തിന് കാത്ത് പ്രൊസീജിയര്‍ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകള്‍ കാണാനും കട്ടപിടിച്ച രക്തത്തെ നീക്കം ചെയ്യാനും സാധിക്കും. കാത്ത്‌ലാബിനായി നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കി വരുന്നത്. സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ ഐ.സി.യു., കാത്ത് ലാബ്, സി.ടി. ആന്‍ജിയോഗ്രാം എന്നിവയുള്‍പ്പെടുന്നതാണ് സമഗ്ര സ്‌ട്രോക്ക് സെന്റര്‍. കാത്ത്‌ലാബിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം 2.25 കോടി, കാത്ത് ലാബ് 5.16 കോടി, ന്യൂറോ ഐ.സി.യു. 97 ലക്ഷം, സി.ടി. ആന്‍ജിയോഗ്രാം 4.4 കോടി എന്നിങ്ങനെ 12.78 കോടി രൂപയാണ് ആകെ അനുവദിച്ചത്. പുതിയ സ്‌ട്രോക്ക് സെന്റര്‍ അത്യാഹിത വിഭാഗത്തിനടുത്തായതിനാല്‍ വളരെ പെട്ടെന്ന് രോഗികളെ സ്‌ട്രോക്ക് സെന്ററിലേക്ക് മാറ്റി എല്ലാ ചികിത്സയും നല്‍കാനാകും.

തലച്ചോറിന്റെ അറ്റാക്കായ (ബ്രെയിന്‍ അറ്റാക്ക്) സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്ഥാപിച്ച് വരികയാണ്. ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെ സംഭവിക്കും. സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ തൊട്ടടുത്തുള്ള സ്‌ട്രോക്ക് സെന്ററുകളില്‍ മാത്രം പോകുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍, ന്യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *