ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പൊന്നാനി നഗരസഭ

Spread the love

നിളയോര പാതയോരത്ത് ചിൽഡ്രൻസ് പാർക്ക് ഒരുങ്ങുന്നു

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പുഴയോര പാതയായ നിളയോര പാതയുടെ സമീപം പൊന്നാനി നഗരസഭ ചിൽഡ്രൻസ് പാർക്ക്‌ നിർമിക്കുന്നു. പാർക്കിനോട് ചേർന്ന് വനിതകൾക്കായുള്ള ഓപ്പൺ ജിംനേഷ്യവും, പൊതുശൗചാലയവും കൂടി നിർമ്മിക്കും. പുഴയോര പാതയിലെ കുറ്റിക്കാട് ശ്മാശാനത്തോട് ചേർന്ന നഗരസഭയുടെ സ്ഥലത്താണ് പാർക്ക് നിർമിക്കുന്നത്. ഭാരതപുഴയിലെ കുറ്റിക്കാട് കടവിൽ കർക്കിടകം, തുലാം മാസങ്ങളിൽ വാവു ബലിയിടാൻ വരുന്നവരുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് ശൗചാലയം നിർമിക്കുന്നത്.ആറ് കിലോമീറ്റർ നീളത്തിൽ ചമ്രവട്ടം കടവിൽ നിന്ന് തുടങ്ങി പൊന്നാനി ഹാർബറിൽ അവസാനിക്കുന്ന നിളയോര പാതയ്ക്ക് വൻ ടൂറിസം സാധ്യതയാണുള്ളത്. നിരവധി സഞ്ചാരികളാണ് പാതയിൽ ദിനംതോറും സന്ദർശനം നടത്തുന്നത്. ഇത് കൂടി പരിഗണിച്ചാണ് പാർക്ക് നിർമാണം. നഗരസഭയുടെ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം.കുറ്റിക്കാടുള്ള നിർദിഷ്ട സ്ഥലം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, നഗരസഭാ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *