ഗാര്‍ലാന്റ് (ഡാളസ് ) : ഒരു മാസം മുമ്പ് ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോറില്‍ അതിക്രമിച്ചു കയറി മൂന്ന് കൗമാരക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ പതിനാലുകാരനെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു.
2021 ഡിസംബര്‍ 26നായിരുന്നു സംഭവം. കണ്‍വീനിയന്റ് സ്റ്റോറിന്റെ മുമ്പില്‍ നിറുത്തിയ വാഹനത്തില്‍ നിന്നാണ് പതിനാലുകാരനായ ഏബെല്‍ ഏലിയാസ് അക്കസ്റ്റ തോക്കുമായി സ്‌റ്റോറില്‍ എത്തിയത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന മൂന്ന് പേരേയും വെടിവെച്ചു വീഴ്ത്തിയശേഷം അതേ വാഹനത്തില്‍ തന്നെ ഏബെല്‍ രക്ഷപ്പെടുകയായിരുന്നു.
വാഹനം ഓടിച്ചു സ്‌റ്റോറിനു മുമ്പില്‍ ഏബെലിനെ ഇറക്കിവിട്ട പിതാവിനെ (റിച്ചാര്‍ഡ് എക്കൊസ്റ്റായെ) പോലീസ് അറസ്റ്റു ചെയ്തു ഡാളസ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കയാണ്. ഇത്രയും ദിവസം ചോദ്യം ചെയ്തിട്ടും മകനെ എവിടെയാണ് ഇറക്കിവിട്ടതെന്ന വെളിപ്പെടുത്താന്‍ പിതാവ് തയ്യാറായിട്ടില്ല. മകന്‍ തോക്കുമായിട്ടാണ് സ്‌റ്റോറില്‍ എത്തിയതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. നേരത്തെ പിതാവിനെതിരെ കാപ്പില്‍ മര്‍ഡര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.
കൊടുംകുറ്റവാളികളെ കണ്ടെത്തുന്ന യു.എസ്. മാന്‍ഷല്‍സിന്റെ സഹായം ഗാര്‍ലന്റ് പോലീസിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.