വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ,(79) ന്യു യോര്‍ക്കില്‍ അന്തരിച്ചു

Spread the love

ന്യു യോർക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസന മുന്‍ സെക്രട്ടറിയും, വൈറ്റ് പ്ലയിന്‍സ് സെന്റ് മേരീസ് പള്ളി മുന്‍ വികാരിയും വല്‍ഹാല സെന്റ് ജോണ്‍സ് ദി ബാപ്റ്റ്സ്റ്റ് യാക്കോബായ സിറിയന്‍ ചര്‍ച്ച് ഇടവകാംഗവുമായ വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, 79, ഫെബ്രുവരി 9നു ന്യു യോര്‍ക്കില്‍ അന്തരിച്ചു.

സംസ്‌കാരം ഫെബ്രുവരി 12 ശനിയാഴ്ച നടത്തും.

പൊതുദര്‍ശനം: ഫെബ്രുവരി 11 വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 200 കൊളംബസ് അവന്യു, വല്‍ ഹാല, ന്യു യോര്‍ക്ക്-10595

സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 12: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്: രാവിലെ 8 മണി വി. കുര്‍ബാന, പൊതുദര്‍ശനം 9 മണി. സംസ്‌കാര ശുശ്രൂഷയുടെ അന്തിമ ഘട്ടം: 10 മണി

സംസ്‌കാരം: ഒരു മണി: കെന്‍സിക്കോ സെമിത്തേരി, 273 ലെയ്ക്ക് അവന്യു, വള്‍ഹാല, ന്യു യോര്‍ക്ക്.

ദീപ്തമായ ഭക്തിയും വിശ്വാസവും സഭയിൽ അടിയുറച്ച് നിന്ന പാരമ്പര്യവുമാണ് അന്തരിച്ച വെരി. റവ. ഫാ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പയെ, 79, വ്യത്യസ്തനാക്കുന്നത്.

മലങ്കര യാക്കോബായ സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെ തുടക്കക്കാരിലൊരാൾ ആയിരുന്നു അദ്ദേഹം . 1970 കളിൽ ഉപരിപഠനാർത്ഥം അമേരിക്കയിൽ എത്തിയ അദ്ദേഹത്തെപ്പോലുള്ളവർ തുടക്കമിട്ട പാതകളിലൂടെയാണ് 1990 കളിൽ ഭദ്രസനം രൂപം കൊള്ളുന്നത്

ബഹു. ഈപ്പനച്ചൻ ഭദ്രാസന സെക്രട്ടറി ആയിരുന്ന കാലത്താണ് യാക്കോബായ സഭക്ക് സ്വന്തമായി ഒരു ആസ്ഥാനം ഉണ്ടായതെന്നതും മറക്കാനാവില്ല.

1990 കൾക്ക് മുൻപ് യാക്കോബായ സഭക്ക് അമേരിക്കയിൽ പല സ്റ്റേറ്റുകളിലായി അവിടെയും ഇവിടെയും വിശ്വാസികൾ ചിതറിക്കിടന്നിരുന്നു. അവരെയെല്ലാം സംഘടിപ്പിച്ചു പള്ളികൾ തുടങ്ങി ഇന്ന് കാണുന്ന ദേവാലയങ്ങളും അവയെ നയിക്കുന്ന ഭദ്രാസനവും കെട്ടിപൊക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് സഭാ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി നിലനിൽക്കും.

അദ്ദേഹത്തിന്റെ വേർപാടിൽ ഇ-മലയാളി പ്രവർത്തകർ അനുശോചിച്ചു

1942 മാർച്ച് 8 നു കോട്ടയം നീലിമംഗലത്താണ് ജനനം. മൂവാറ്റുപേഴ നിർമ്മല കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 10 വർഷക്കാലം, കാലം ചെയ്ത അബൂൺ മോർ ബസേലിയസ് പൗലോസ് രണ്ടാമൻ ബാവായുടെ സെക്രട്ടറിയായിരുന്നു.

1971 സെപ്റ്റംബറിൽ അമേരിക്കയിൽ. തുടർന്ന് ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ന്യൂജേഴ്‌സിയിലെ തന്നെ ഫെയർലീ ഡിക്കിൻസൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ വീണ്ടും ബിരുദാനന്തര ബിരുദം.

ദൈവത്തിനും സഭക്കും ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 18-ാം വയസ്സിൽ ഡീക്കനായി. 1985-ൽ പൗരോഹിത്യത്തിൽ പ്രവേശിച്ചു. 61 വർഷത്തോളം അദ്ദേഹത്തിന്റെ ദൈവിക ശുശ്രൂഷ നീണ്ടുനിന്നു.

നാല് വർഷം നോർത്ത് അമേരിക്കൻ അതിരൂപത സെക്രട്ടറിയായിരുന്നു.

അത്പോലെ സ്‌നേഹസമ്പന്നനായ കുടുംബനാഥനായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തിന് മാത്രമല്ല, ബന്ധുമിത്രാദികളുടെ കുടുംബങ്ങൾക്കും പിന്തുണയും മാർഗനിർദേശവും നൽകി. ഗാർഡനിംഗും പാചകവും ഇഷ്ടവിനോദം. അദ്ദേഹത്തിന്റെ പിസ്സ പാർട്ടികൾ ഏറെ ശ്രദ്ധേയമായിരുന്നു.

അമേരിക്കയിലെത്തിയ നാൾ മുതൽ യാങ്കീസ് ഫാനായിരുന്നു. യാങ്കി തൊപ്പി ഇല്ലാതെ വളരെ അപൂർവമായി മാത്രമേ അദ്ദേഹത്തെ കാണാറുള്ളൂ.

ഭാര്യ മേരി ഈപ്പൻ മുവാറ്റുപുഴ ഊരമന പാടിയേടത്ത് കുടുംബാംഗമാണ്.

മക്കൾ: എമിലി ബീസൺ, സിബി ഫിലിപ്‌സ്, എബ്രഹാം ഈപ്പൻ. മരുമക്കൾ: റയൻ ബീസൺ, വിനു ഫിലിപ്‌സ്, ജെസീക്ക ഈപ്പൻ. കൊച്ചുമക്കൾ: അബിഗയിൽ ഫിലിപ്‌സ്, നോഹ ഈപ്പൻ, ഹന്ന ഈപ്പൻ.

സഹോദരർ നേരത്തെ നിര്യാതരായി. പരേതരായ ഈപ്പൻ ഐപ്പ്, ഈപ്പൻ വർഗീസ്, പി.എം മാണി, ഈപ്പൻ ചാക്കോ, മറിയാമ്മ കുര്യൻ എന്നിവരായിരുന്നു സഹോദരർ.

ഷെവലിയര്‍ ജോര്‍ജ് പടിയേടത്ത്, ഇട്ടന്‍ ജെയിംസ്, ഫൊക്കാന-ഐ.എൻ.ഓസി. നേതാവ് ജോയി ഇട്ടന്‍, ഡെയ്‌സി പോൾ (എബി പോൾ) എന്നിവർ ഭാര്യാസഹോദരരാണ്

പൂക്കൾക്ക് പകരമായി, Go Fund Me വഴി Janey Foundation-നു ഏത് സംഭാവനയും അയക്കാം. വികസ്വര രാജ്യങ്ങളിലെ പാവങ്ങളെ സഹായിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *