ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ മൂന്നാം പാദവാര്‍ഷിക ഏകീകൃത വരുമാനം 19% ഉയര്‍ന്ന് 2650 കോടിയിലെത്തി

Spread the love

എബിറ്റ 22% ഉയര്‍ന്ന് 409 കോടിയിലെത്തി.

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദവാര്‍ഷിക വരുമാനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവിലെ ഏകീകൃത വരുമാനം 19 ശതമാനം വര്‍ദ്ധിച്ച് 2650 രൂപയിലെത്തുകയും എബിറ്റ 22% വര്‍ദ്ധിച്ച് 409 കോടിയിലെത്തുകയും ചെയ്തു. മാത്രമല്ല ഇന്ത്യയിലെ വരുമാനം 34% വര്‍ദ്ധിച്ച് 618 കോടിയിലെത്തുകയും എബിറ്റ 98% വര്‍ദ്ധിച്ച് 107 കോടിയിലെത്തുകയും ചെയ്തു. 2021-ലെ മൂന്നാം പാദവാര്‍ഷികത്തിലെ 8 കോടി നഷ്ടത്തില്‍ നിന്ന് 36 കോടിയുടെ ലാഭത്തിലേക്കുള്ള വളര്‍ച്ചയിലെത്തുകയും ചെയ്തു.

‘ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി തുടരുന്ന പ്രത്യേക സാഹചര്യത്തിലും ആശങ്കകള്‍ക്കതീതമായി ഇത്രയും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമാണ്. ആസ്റ്ററിന്റെ ഏറ്റവും വലിയ സാന്നിദ്ധ്യമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലും കോവിഡിന്റെ വ്യാപനം രൂക്ഷമായിരുന്നെങ്കിലും വാക്സിനേഷനിലെ കൃത്യതയായിരിക്കാം ഇതിന്റെ രൂക്ഷഫലങ്ങളെ പ്രതിരോധിക്കുവാന്‍ സഹായിച്ചത്’ ആസ്റ്റര്‍ ഡി എം ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

‘ ഇന്ത്യയിലെ ആസ്റ്ററിന്റെ സാന്നിദ്ധ്യം കൂടുതല്‍ വിലുപീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോള നിലവാരം ഉറപ്പ് നല്‍കുന്ന നിരവധി പ്രൊജക്ടുകള്‍ക്ക് ഇതിനോടകം തന്നെ തുടക്കം കുറിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്ഥാപിക്കുന്ന 300 കിടക്കകളുള്ള ആശുപത്രിയാണ് ഇതില്‍ ആദ്യത്തേത്. സമീപ നാളുകളില്‍ തന്നെ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായ രീതിയില്‍ നാടിന് സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസിനോട് ചേര്‍ന്ന് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ കൂടി ഏറ്റെടുത്ത് 70 ബെഡ്ഡിന്റെ അധിക സൗകര്യം കൂടി സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയില്‍ 140 കോടി ചെലവില്‍ 200 ബെഡ്ഡുകള്‍ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സമീപ നാളുകളില്‍ തന്നെ തുടക്കം കുറിക്കും. ഈ ആശുപത്രി 2 വര്‍ഷത്തിനകം നാടിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ 100 ബെഡ്ഡുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. ആസ്റ്റര്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടക, കേരളം എന്നിവിടങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2021 ഡിസംബര്‍ 31 ല്‍ 8 സാാറ്റലൈറ്റ് ലാബുകളും, 57 പേഷ്യന്റ് എക്സപീരിയന്‍സ് സെന്ററുകളും, 1 റഫറല്‍ ലാബും പ്രവര്‍ത്തന നിരതമായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 33 ലാബുകളും, 400 എക്സ്പീരിയന്‍സ് സെന്ററുകളും പ്രവര്‍ത്തനമാരംഭിക്കാനാണ് നിലവില്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ആസ്റ്റര്‍ ഫാര്‍മസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫവണ്‍ റീട്ടയില്‍ ഫാര്‍മസി ലിമിറ്റഡ് ഇതിനോടകം തന്നെ കര്‍ണാടകയില്‍ 69-ഉം, കേരളത്തില്‍ 13-ഉം, തെലുങ്കാനയില്‍ 8-ഉം ഉള്‍പ്പെടെ 90 ഫാര്‍മസികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 300 ഫാര്‍മസികള്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യം,’ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

രോഗികള്‍ക്കായുള്ള സേവനം കൂടുതല്‍ പ്രയോജനപ്രദമാക്കുന്നതിനായി ആസ്റ്റര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഇടപെടലുകള്‍ കൂടുതല്‍ വിജയകരമായി മാറിയതായി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ‘വണ്‍ ആസ്റ്റര്‍ എന്ന ആപ്പ് പുറത്തിറക്കിയിട്ട് അല്‍പ കാലം മാത്രമേ ആയിട്ടുള്ളു എങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ക്ക് ലോകമെങ്ങുമുള്ള ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു,’ അലീഷ മൂപ്പന്‍ പറഞ്ഞു.

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *