രാത്രി വൈകിയും തങ്ങളെ കാത്തിരുന്ന മന്ത്രിയെ കണ്ടപ്പോള്‍ നിറഞ്ഞ സന്തോഷം തോന്നിയതായി ഡോക്ടര്‍മാര്‍

Spread the love

ആദ്യമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരേയും മറ്റ് ടീം അംഗങ്ങളേയും കാത്തിരുന്നത് രാത്രി വൈകിയും രണ്ട് മണിക്കൂറിലേറെ സമയം. ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. ഉച്ചവരെ പത്തനംതിട്ടയിലായിരുന്നു ഔദ്യോഗിക പരിപാടി. ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിലെത്തി പ്രധാനപ്പെട്ട മീറ്റിഗുകളില്‍ പങ്കെടുത്തു. മന്ത്രി കോട്ടയത്തേക്ക് പുറപ്പെട്ടത് മാധ്യമങ്ങളാരും അറിഞ്ഞിരുന്നില്ല. ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് മെഡിക്കല്‍ കോളേജിനും മന്ത്രി എത്തുന്നതായ അറിയിപ്പ് കിട്ടിയത്.

രാത്രി ഒമ്പതര മുതല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ സമയംവരെ മന്ത്രി ആശുപത്രിയില്‍ തന്നെ കാത്തിരുന്നു. ഇതിനിടെ സുബീഷിന്റെ ബന്ധുക്കളുമായും സംസാരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡോക്ടര്‍മാരുമായും എല്ലാ ജീവനക്കാരുമായും സംസാരിച്ച് രാത്രി 12 മണിയോടെയാണ് മന്ത്രി ആശുപത്രിയില്‍ നിന്നുമിറങ്ങിയത്. എല്ലാവരേയും അഭിനന്ദിച്ചു. രാത്രി വൈകിയും കാത്തിരുന്ന മന്ത്രിയെ കണ്ടപ്പോള്‍ നിറഞ്ഞ സന്തോഷം തോന്നിയതായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പറഞ്ഞു. ഇത് തങ്ങള്‍ക്കുള്ള അംഗീകാരമായി തോന്നിതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വലിയ പിന്തുണയാണ് നല്‍കിയത്. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ശസ്ത്രക്രിയയുടെ തലേദിവസം വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

തൃശൂര്‍ സ്വദേശികളായ സുബീഷും ഭാര്യ പ്രവിജയും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കോട്ടയത്തെത്തിയത് തികച്ചും യാഥൃശ്ചികമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിനെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വാര്‍ത്തയാണ് അവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആ കുടുംബം. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ ബന്ധുക്കളായ ഉണ്ണിക്കുട്ടന്‍, സുമ എന്നിവര്‍ ഇക്കാര്യം നേരിട്ടറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *