ആറ്റുകാല്‍ പൊങ്കാല: വീട്ടില്‍ പൊങ്കാല ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. രണ്ടാമത്തേത് തീയില്‍ നിന്നും പുകയില്‍ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ്

കേസുകള്‍ വേഗത്തില്‍ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോണ്‍ വകഭേദമായതിനാല്‍ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· പുറത്ത് നിന്നുള്ളവര്‍ വീടുകളില്‍ എത്തുന്നുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കുക
· പ്രായമായവരുമായും മറ്റസുഖമുള്ളവരുമായും അടുത്തിടപഴകരുത്
· പുറത്ത് നിന്നും വരുന്നവര്‍ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുന്നത് ഒഴിവാക്കുക
· തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവര്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
· സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്പര്‍ശിക്കരുത്
· ചൂടുകാലമായതിനാല്‍ തീപിടിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം
· സാനിറ്റൈസര്‍ തീയുടെ അടുത്ത് സൂക്ഷിക്കരുത്.
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്
· കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
· അലക്ഷ്യമായി വസ്ത്രം ധരിക്കരുത്
· ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· അടുപ്പില്‍ തീ അണയും വരെ ശ്രദ്ധിക്കണം
· ചടങ്ങുകള്‍ കഴിഞ്ഞ് അടുപ്പില്‍ തീ പൂര്‍ണമായും അണഞ്ഞു എന്നുറപ്പാക്കണം
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതാണ്
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· ദിശ 104, 1056, ഇ സഞ്ജീവനി എന്നിവ വഴി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

Leave Comment