മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാക്ക ഐഎച്ച്ആര്‍ഡി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ഫെബ്രുവരി 18 ഐഎച്ച് ആര്‍ഡി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ 10ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐഎച്ച് ആര്‍ഡിയിലെ ജീവനക്കാര്‍ക്ക് രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി യഥാസമയം ശമ്പളം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സ്ഥാപനത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും നടപടിയും ഉണ്ടായില്ലെങ്കില്‍ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് തന്നെ അപകടത്തിലാകും. മുടങ്ങിയ ശമ്പളം എത്രയും വേഗം ജീവനക്കാര്‍ക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ച പതിനൊന്നാം ശമ്പളകമ്മീഷന്റെ ഭാഗമായുള്ള ശമ്പളപരിഷ്‌ക്കരണം ഇതുവരെ ഇവിടത്തെ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ല. ഐഎച്ച് ആര്‍ഡിയിലെ സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന നല്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ 20 കോടിയുടെ നോണ്‍പ്ലാന്‍ ഗ്രാന്റാണ് നിലവില്‍ നല്‍കുന്നത്. ഇത് പര്യാപ്തമല്ല. അത്ിനാല്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഐഎച്ച്ആര്‍ഡിയുടെ സ്ഥാപനങ്ങള്‍ക്ക് അഡീഷണല്‍ ഗ്രാന്റ് അനുവദിക്കയോ എയ്ഡഡ് പദവി നല്‍കുകയോ ചെയ്യാന്‍ തയ്യാറാകണമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
എന്‍ഞ്ചിനിയറിംഗ് കോളേജുകള്‍,ആട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ തുടങ്ങി നൂറോളം സ്ഥാപനങ്ങളാണ് ഐഎച്ച് ആര്‍ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. അവിടങ്ങളിലായി 1500 ല്‍പ്പരം ജീവനക്കാരും ജോലി ചെയ്തുവരുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആദിവാസി-മലയോര മേഖലകളിലെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണ് ഐഎച്ച്ആര്‍ഡിയെന്നും തമ്പാനൂര്‍ രവി പറഞ്ഞു.