ഫൊക്കാന കേരള സര്‍വകലാശാലയുമായി ചേര്‍ന്നു മലയാള ഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് നല്‍കിവരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. 2019-ലേതിന് പി. അരുണ്‍ മോഹന്റെ ‘കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം’ എന്ന പ്രബന്ധവും, 2021-ലേതിന് കെ. മഞ്ജുവിന്റെ ”ഘടനാവാദാനന്തര ചിന്തകളുടെ പ്രയോഗം സമകാലീന മലയാള വിമര്‍ശനത്തില്‍’ എന്ന പ്രബന്ധവും അര്‍ഹമായി.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രബന്ധം സര്‍വകലാശാല പ്രകാശന വിഭാഗത്തില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളില്‍ നിന്നും അയച്ചുകിട്ടിയ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. കെ.എസ്. രവികുമാര്‍, കേരള സര്‍വകലാശാല മുന്‍ പ്രഫസര്‍ ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രഫസര്‍ ഡോ. എ ഷീലാ കുമാരി എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
2022 ഫെബ്രുവരി 26-ന് കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര വിതരണം നടത്തും.
2017-ല്‍ പുരസ്‌കാരം ലഭിച്ച സ്വപ്ന ശ്രീനിവാസന്റെ ‘പട്ടത്തുവിളക്കഥകളിലെ സംസ്‌കാര രാഷ്ട്രീയം’ എന്ന പ്രബന്ധം പുസ്തക രൂപത്തില്‍ ചടങ്ങില്‍ വച്ച് പ്രകാശിപ്പിക്കും.
ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന്റെയും ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളിലിന്റെയും വൈസ് പ്രസിഡന്റ് തോമസ് തോമസിന്റെയും സാന്നിധ്യത്തില്‍ കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും അവാര്‍ഡ് നിര്‍ണായ സമിതിയും യൂണിവേസിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് രണ്ടു വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളിലെയും മലയാളം എം എ വിദ്യാര്‍ത്ഥികളാണ് ഈ മത്സരത്തില്‍ പങ്കാളികളായത്.