സ്കൂളുകൾ സജ്ജമെന്ന് മന്ത്രി വി ശിവൻകുട്ടി; 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് (21-02-2022) സ്കൂളിലേക്ക്

Spread the love

സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (21-02-2022)സ്‌കൂളുകളിലെത്തും. ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർത്ഥികളുമാണുള്ളത്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം.

പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്കൂളുകൾ പൂർണമായും തുറക്കാനുള്ള സർക്കാർ തീരുമാനം വന്നത് മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു. വകുപ്പുതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരവധി യോഗങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു . കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകൾക്കും ഐ സി എസ് ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.

പൂർണതോതിൽ പ്രവർത്തിക്കാൻ സ്കൂളുകൾ സജ്ജമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *