ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

Spread the love

ചിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ എണ്‍പത്തെട്ടാം ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ പതിനാലാം ഓര്‍മ്മപ്പെരുന്നാളും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഫെബ്രുവരി 25,26,27 തീയതികളില്‍ സംയുക്തമായി ആഘോഷിക്കും.

1963-ല്‍ അമേരിക്കയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയ നാള്‍മുതല്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രയത്‌നിക്കുകയും, 1975 മുതല്‍ ഭദ്രാസനത്തിന്റെ പ്രഥമാധിപനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ഏകദേശം 45 വര്‍ഷത്തിലധികം അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ചിരുന്ന തിരുമേനി ഇംഗ്ലണ്ടില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ 2005-ല്‍ കാലംചെയ്തു.

അഭിവന്ദ്യ തിരുമേനിക്ക് ഈ ദേവാലയത്തോടുള്ള കരുതലും സ്‌നേഹവും എടുത്തുപറയേണ്ടൊരു സത്യമാണ്. 1998-ല്‍ അഭി. തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഈ ഇടവക ആരംഭിച്ച്, 2005-ല്‍ ഇടവകയെ തന്റെ സ്വന്തം കത്തീഡ്രലായി ഉയര്‍ത്തി.

25-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം, ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ നടത്തുന്ന മധ്യസ്ഥ പ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. 26 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രാര്‍ത്ഥനായോഗം, 6 മണിക്ക് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് അനുസ്മരണവും നടക്കും.

27 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, 10 മണിക്ക് വിശുദ്ധ കുര്‍ബാന, പ്രസംഗം, ധൂപപ്രാര്‍ത്ഥന ശേഷം മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹാളില്‍ സ്‌നേഹവിരുന്നും നടക്കും.

നോമ്പാചരണത്തോടും, ഭക്തിയോടും, വിശുദ്ധിയോടും കൂടി വന്ന് പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ടി. ഡേവിഡ് അഭ്യര്‍ത്ഥിക്കുന്നു.

ആഘോഷങ്ങളുടെ വിജയത്തിനായി ട്രസ്റ്റി ഗ്രിഗറി ഡാനിയേല്‍, സെക്രട്ടറി ജിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Report :ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍

Author

Leave a Reply

Your email address will not be published. Required fields are marked *