നല്ല മണ്ണിലേക്ക് വിത്തെറിഞ്ഞ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്

Spread the love

കണ്ണൂർ: കർഷകരുടെ നിലനിൽപ്പിനായി പോരാടിയ കരിവെള്ളൂർ കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാൻ ‘നല്ല മണ്ണ്’ പദ്ധതി നടപ്പാക്കുന്നു. കേരളത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയുടെ വികസന രേഖ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി.

നല്ല മണ്ണ്, ശുദ്ധജലം, ശുദ്ധ വായു എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ഈ ബൃഹദ് പദ്ധതി. ഹരിതകേരള മിഷൻ, കൃഷി വകുപ്പ് എന്നിവയുമായി കൈകോർത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത് മേഖലയിലെ കാർഷിക വികസനം, ശുദ്ധജല ലഭ്യത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിങ്ങനെ മണ്ണിൽ നിന്നും തുടങ്ങി സമഗ്ര വികസനത്തിലേക്കുള്ള ചുവട് വെപ്പാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, കർഷകർ, സാമൂഹ്യ പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗക്കാരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കൃഷി അനുബന്ധ മേഖലകളിലെ പ്രതിസന്ധികൾ സർവേകളിലൂടെ കണ്ടെത്തി. മണ്ണ് നേരിടുന്ന വെല്ലുവിളികൾ, ജൈവശോഷണം, അമ്ലത്വം എന്നിവ കണ്ടെത്താൻ 31 ഗ്രന്ഥശാലകളെ ഉപയോഗപ്പെടുത്തി മണ്ണ് പരിശോധനയും പ്രത്യേക സമിതികൾ ജലപരിശോധനയും നടത്തി. ഭൂപ്രകൃതി, കാലാവസ്ഥ, പരിസ്ഥിതി സവിശേഷതകൾ, മൺതരങ്ങൾ, ഭൂവിനിയോഗം, മനുഷ്യ വിഭവം, കൃഷി വിന്യാസം, നീർത്തട പഠനം, ജലസ്രോതസ്സ്, പ്രദേശത്തെ കാർഷിക പ്രശ്നങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ചു.


പാടശേഖരസമിതികൾ, ക്ലബ്ബുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഉൾപ്പെടുത്തി വിവിധ സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം. സമഗ്രമായ ഡി പി ആർ തയ്യാറാക്കി ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിക്ക് സമർപ്പിച്ച് കഴിഞ്ഞു. വരുന്ന അഞ്ച് വർഷം കൊണ്ട് കൃഷി അനുബന്ധ മേഖലയിൽ സുസ്ഥിര വികസനം നേടുകയാണ് ലക്ഷ്യം. പോരായ്മകൾ പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതിയായി നല്ല മണ്ണ് മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു പറയുന്നു. ഇത് യാഥാർഥ്യമാകുന്നതോടെ കാർഷിക ജൈവ സമൃദ്ധിയെ തിരിച്ചുപിടിക്കാനുള്ള സർക്കാരിന്റെ മുഖ്യ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പായി ‘നല്ല മണ്ണ്’ മാറും.

Author

Leave a Reply

Your email address will not be published. Required fields are marked *