ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായുള്ള 100 ദിന കർമ പരിപാടിയിൽപ്പെടുത്തി ലൈഫ് മിഷനിലൂടെ 20,000 വീടുകളും മൂന്നു ഭവന സമുച്ചയങ്ങളും കൈമാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം മതിപ്പുറത്ത് നിർമിച്ച 320 ഭവനങ്ങൾ ഉൾപ്പെടുന്ന ഭവന സമുച്ചയത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫിന്റെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനു മുന്തിയ പ്രാധാന്യം നൽകുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാംപെയിനിൽ നിരവധി സുമനസുകൾ ഭൂമി നൽകി സഹകരിച്ചിട്ടുണ്ട്. കൂടുതൽ പേർ സഹകരിച്ചു പദ്ധതി വിജയപ്രദമാക്കണം. ജനങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് 100 ദിന കർമപരിപാടി പോലുള്ളവ സംഘടിപ്പിക്കുന്നത്. കേരളത്തെ മൂന്നാം സഹസ്രാബ്ദത്തിന്റെ വെല്ലുവിളി നേരാടാൻ കഴിയുംവിധം നവകേരളമാക്കി പുനർനിർമിക്കാൻ ഉതകുന്ന പരിപാടികളാണ് അവതരിപ്പിച്ചിട്ടുള്ളത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ സൂക്ഷ്മമായി ഇടപെട്ട് കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കും – മുഖ്യമന്ത്രി പറഞ്ഞു.
രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മതിപ്പുറത്ത് 72 കോടി ചെലവിൽ 1032 വീടുകളും അനുബന്ധ സൗകര്യങ്ങളും നിർമിക്കാനാണു നഗരസഭ തീരുമാനിച്ചിട്ടുള്ളതെന്നു മുഖ്യന്ത്രി ചൂണ്ടിക്കാട്ടി. നാലു ഘട്ടങ്ങളിലായാണു നടപ്പാക്കുന്നത്. വീടുകൾക്കു പുറമേ 1000 പേർക്ക് ഉപയോഗിക്കാവുന്ന കമ്യൂണിറ്റി ഹാൾ, രണ്ടു പഠന കേന്ദ്രങ്ങൾ, അംഗൻവാടി, ഹെൽത്ത് ക്ലിനിക്ക്, ഡ്രൈ ഫിഷ് പ്രൊസസിങ് യൂണിറ്റ്, വസ്ത്ര യൂണിറ്റ് തുടങ്ങിയയാണു വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ 222 വീടുകളും അംഗൻവാടിയും കമ്യൂണിറ്റി ഹാളും പഠന കേന്ദ്രവും പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 320 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയം പൂർത്തിയാക്കി. കേന്ദ്ര, സംസ്ഥാന, നഗരസഭാ വിഹിതങ്ങൾ ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കാലാകാലങ്ങളിൽ പദ്ധതിച്ചെലവിലുണ്ടാകുന്ന വർധന നഗരസഭയാണു വഹിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾക്ക് 18.57 കോടിയാണു കേന്ദ്ര വിഹിതം. 11.14 കോടി സംസ്ഥാന വിഹിതവും 18.73 കോടി നഗരസഭയും വഹിക്കുന്നു. പദ്ധതിക്കായി സംസ്ഥാനവും നഗരസഭയും ചേർന്ന് 62 ശതമാനത്തോളം ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭവന സമുച്ചയത്തിനു സമീപം തയാറാക്കിയ പ്രത്യേക വേദിയിൽവച്ചാണു മുഖ്യമന്ത്രി കുടുംബങ്ങൾക്കു ഭവനങ്ങളുടെ താക്കോലുകൾ കൈമാറിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാവശ്യമായ ഭൂമി ലഭ്യത ഉറപ്പാക്കാൻ ആരംഭിച്ച മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്കു നിരവധി പേർ സഹായവുമായി എത്തുകയാണെന്നും ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ പേർ ഇതിനോടു സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഡോ. ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.