അടി അങ്ങ് ദൂരെ യുക്രെയിനിൽ തുടങ്ങിയതേയുള്ളു; വേദനയോ ഒന്നുമറിയാത്ത പാവം അമേരിക്കക്കാരന്റെ മുതുകിൽ തുടങ്ങിക്കഴിഞ്ഞു.
റഷ്യ ഉക്രെയിനിൽ ഏകപക്ഷീയമായ. അധിനിവേശം തൂടങ്ങി, 14 മണിക്കൂറിനുള്ളിൽ പ്രധാന സിറ്റികളും ആണവകേന്ദ്രങ്ങളും എയര്പോര്ട്ടുകളും റഷ്യയുടെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു.
വെറുതേ പറഞ്ഞതല്ല , സർവേയിൽ ഏതാണ്ട് 60% അമേരിക്കൻ ജനതയ്ക്ക് , ഭൂഗോളത്തിൽ എവിടെയാണ് യുക്രെയിൻ എന്ന് കാണിക്കാൻ അറിയില്ലത്രേ ! മാത്രമല്ല , “ദിസ് ഈസ് നണ്‍ ഓഫ് ഔവർ ബിസിനസ് ” എന്നുകൂടി ചേർത്തു പറയാനും തുടങ്ങിക്കഴിഞ്ഞു.അമേരിക്കൻ ജനതയ്ക്ക് യുദ്ധങ്ങൾ ഒഴിഞ്ഞ കാലമില്ല. തീവ്രവാദികൾക്ക് എതിരെ നിദാന്തമായ യുദ്ധം വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, കോവിഡിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ഒരു വൻ ആക്രമണത്തിനെതിരെ നാം പൊരുതിക്കൊണ്ടിരിക്കയാണ് . ഇതോടൊപ്പം ഉയർന്ന ഗ്യാസ് വിലയും പണപ്പെരുപ്പ വ്യാളികളും കൂടി സാധാരണ ജനങ്ങളെ പൊറുതി മുട്ടിച്ചുകൊണ്ടിരിക്കയായിരുന്നു.
അമേരിക്കൻ കുടുംബങ്ങൾ പ്രതിമാസം 276 ഡോളർ അധികമായി ചിലവാക്കുന്ന പണപ്പെരുപ്പത്തിനിടയിൽ “ഒരു ജോഡി ഷൂസ് വാങ്ങുന്നതിനേക്കാൾ നന്നായി എങ്ങനെ ഭക്ഷണം കഴിക്കും” എന്ന് ക്വീൻസിലെ അന മരിയ ഗിൽ-ടോറസ് ചോദിക്കുന്നു. ക്രൂഡ് ഓയിലിന് വില കൂട്ടിയാൽ യാത്രാച്ചിലവുകൾ , ഗതാഗതം , ട്രാൻസ്‌പോർട്ടിങ് ചിലവുകൾ തുടങ്ങിയവ കുത്തനെ ഉയരുമ്പോൾ , നിത്യോപയോഗ സാധനങ്ങൾ മുതൽ എല്ലാത്തിനും വില കൂടുമെന്നാണ് നാം കണ്ടറിഞ്ഞിട്ടുള്ളത് .
ഒന്നോർക്കണം, വർഷങ്ങൾക്കു മുൻപ് എണ്ണ ബാരലിന് 147 ഡോളറിലെത്തിയപ്പോൾ,
2008-ൽ പെട്രോൾ വില ഒരു ഗ്യാലനിന് 4.10 ഡോളറായി ഉയർന്നു, പക്ഷേ എണ്ണവില ദിവസങ്ങൾക്കുള്ളിൽ താഴ്ന്നത് അന്നു ആശ്വാസകരമായി. ഇന്ന് എല്ലാം മാറിയിരിക്കുന്നു .
ഈ വിലവര്ധനയുടെ ഒറ്റക്കാരണമെന്താണ് ? ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ കുത്തനെ ഉയർന്നത് തന്നെ .
“ഉക്രെയ്‌നിൽ പൂർണ്ണമായ അധിനിവേശം ആരംഭിച്ചു” എന്ന് ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അറിയിച്ചുകഴിഞ്ഞപ്പോളാണ് നമ്മൾ ഉണർന്നത്. അതേസമയം, ഉക്രെയ്‌നെ നാറ്റോയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനുള്ള റഷ്യയുടെ അഭ്യർത്ഥന അമേരിക്ക അവഗണിച്ചതിന് ശേഷം കിഴക്കൻ ഉക്രെയ്‌നിലെ പൗരന്മാരെ സംരക്ഷിക്കുക മാത്രമാണ് റഷ്യ ചെയ്യുന്നതെന്ന് പുടിൻ പറയുന്നു.
അമേരിക്കയും നാറ്റോയും ആലോചിച്ചു വന്നപ്പോഴേക്കും പുട്ടിൻ പണി ഗംഭീരമായി നടത്തിക്കഴിഞ്ഞതു നമ്മളും നോക്കിനിൽക്കുന്നു.
എന്നാൽ ലോകം കാണുന്ന മറ്റൊരു വീക്ഷണം കൂടി പ്രസക്തമായിരിക്കുന്നു .
“അമേരിക്കയുടെ ആത്മാഭിമാനം വീണ്ടെടുക്കുമെന്നു വാഗ്ദാനം ചെയ്ത ജോ ബൈഡന് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? യുഎസ്. പ്രസിഡന്റ് പദവിയിലുള്ള ബൈഡനെപ്പറ്റി ലോകത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുവോ? യുക്രെയിനുമേൽ റഷ്യയുടെ മിസൈലുകൾ പറന്നിറങ്ങിയപ്പോൾ, യുദ്ധം യാഥാർഥ്യമായപ്പോൾ ‘ലോകപോലീസ്’ ചമയാറുള്ള യൂ .എസ്. കയ്യും കെട്ടിനിന്നോ?. യുദ്ധം യൂറോപ്പിനെ വരിഞ്ഞു മുറുക്കുമ്പോൾ ചോദ്യമുനകളിൽ വലയുകയാണ് ബൈഡനും യു എസ് ഭരണകൂടവും…ബൈഡന്റെ നടപടിയിൽ 55% പേരും നിരാശരാണ് …”( മലയാള മനോരമ ഫെബ്രുവരി 25).
ഒരു കാര്യം സ്പഷ്ടമാണ്, നിമിഷങ്ങൾ കൊണ്ട് എല്ലാം എരിച്ചു കളയുന്ന റഷ്യയുടെ ആയുധസന്നാഹങ്ങൾ യുക്രെയിനെ മാത്രമല്ല, ലോകത്തെയെല്ലാം ഭയപ്പെടുത്തുന്നതാണ് ഇസ്കന്തർ മിസൈൽ . റഷ്യയുടെ ഈ തീക്കളിയിൽ നേരിട്ട് എടുത്ത് ചാടി അമേരിക്കയോ, ബ്രിട്ടനോ, ഫ്രാൻസോ, ആസ്ട്രേലിയയോ തങ്ങളുടെ ചിറകുകൾ കരിയാന് ധൈര്യം തൽക്കാലം കാണിക്കാതെ, ലോകമഹായുദ്ധത്തിന്റെ ഭീഷണിയിൽ നിന്നും, ലോകജനതയെ വിമുക്തരാക്കിയതിനു, പ്രത്യേകിച്ചും ബൈഡനു നന്ദി. പക്ഷെ പ്രത്യാഘാതങ്ങൾ ജനത അനുഭവിച്ചല്ലേ അടങ്ങു. വൻ രാഷ്ട്രങ്ങൾ ഉപരോധമെന്ന വജ്രായുധം ചുഴറ്റി എറിഞ്ഞുവെന്നു നാം വായിച്ചറിഞ്ഞല്ലോ.
വൈറ്റ് ഹൗസ് അറിയിപ്പിലൂടെ , റഷ്യക്കെതിരെ പ്രസിഡന്റ് ജോ ബൈഡൻ നിലവിലുള്ള ഉപരോധങ്ങൾ പിൻവലിക്കുകയും പുതിയവ പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കൻ ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്ന വേദന കുറയ്ക്കുന്നതിനൊപ്പം റഷ്യയിൽ വരുത്തിയ ദീർഘകാല വേദന പരമാവധിയാക്കുന്നതിനാണ് ഉപരോധങ്ങൾ ഉദ്ദേശ്യപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. യുഎസ് സേന ഉക്രെയ്നിലെ റഷ്യൻ സേനയുമായി ഇടപഴകുന്നില്ലെന്നും എന്നാൽ അമേരിക്കൻ ശക്തിയുടെ മുഴുവൻ ശക്തിയോടെയും നാറ്റോ പ്രദേശത്തെ യുഎസ് പ്രതിരോധിക്കുമെന്നും പ്രസിഡന്റ് ഓർമ്മപ്പെടുത്തി.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാനുള്ള റഷ്യയുടെ കഴിവ് പരിമിതപ്പെടുത്തുന്നതിന് ഡോളർ, യൂറോ, പൗണ്ട്, യെൻ എന്നിവയിൽ ബിസിനസ്സ് ചെയ്യാനുള്ള റഷ്യയുടെ കഴിവ് ഞങ്ങൾ പരിമിതപ്പെടുത്തും. റഷ്യൻ സൈന്യത്തിന് ധനസഹായം നൽകാനും വളർത്താനുമുള്ള കഴിവ് അമേരിക്ക മുരടിപ്പിക്കും. ഇന്നത്തെ ഹൈടെക് സമ്പദ്‌വ്യവസ്ഥയിൽ മത്സരിക്കുന്നതിനുള്ള റഷ്യയുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തുമെന്ന് ബൈഡൻ അവകാശപ്പെടുന്നു.
റഷ്യ ഉക്രെയ്‌നിൽ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതിന് ശേഷം കുതിച്ചുയരുന്ന യുഎസ് ഗ്യാസ് വില കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു – വരും മാസങ്ങളിൽ ഒരു ഗാലന് $5 അല്ലെങ്കിൽ അതിലും കൂടുതലാകുമെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു . ക്രെയ്നിൽ റഷ്യ “പ്രത്യേക സൈനിക ഓപ്പറേഷനിൽ” ഏർപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ക്രൂഡ് ഓയിൽ വില ഉയരുകയായിരുന്നു. 2014 ജൂലൈയ്ക്ക് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 104.99 ഡോളറിലെത്തി – ദിവസം 8.15 ഡോളർ (+8.42%). നേരിയ ഏറ്റക്കുറച്ചിലുകൾ കടന്ന് 99.52 ആയി കുറയുന്നതിന് മുമ്പ് 100 ഡോളറിലെത്തി നിൽക്കുന്നു.
Dr.Mathew Joys