ഫൊക്കാന കേരള കണ്‍വന്‍ഷന് ആഘോഷപൂര്‍വം പരിസമാപ്തി – ഫ്രാന്‍സീസ് തടത്തില്‍

Picture2

തിരുവനന്തപുരം : കേരളം സാംസ്‌കാരിക രംഗത്ത് കൈവരിച്ച പുരോഗതി ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഫൊക്കാന കണ്‍വന്‍ഷന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. നമ്മുടെ രാജ്യത്തെ സംസ്‌കാരം ലോകത്തിന് തന്നെ മാതൃകയാണ്. അമേരിക്ക അതി സമ്പന്നമായ രാജ്യമാണ്.

എല്ലാ മതങ്ങളും ഉണ്ടായിരിക്കുന്നത് ഏതാണ്ട് ഒരേ ദേശത്താണ്. ക്രിസ്തുമതവും ഇസ്‌ലാംമതവും ഹിന്ദുമതവും എല്ലാം രൂപപ്പെട്ടത് എവിടെയാണെന്നു നാം പരിശോധിക്കണം.

എല്ലാമതങ്ങളും മനുഷ്യ സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ദൈവം എല്ലാവരെയും ഒരേപോലെയാണ് സൃഷ്ടിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഭൂമിയില്‍ എല്ലാ ദൈവങ്ങളും മനുഷ്യനെ പരസ്പരം സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം പോരാടുന്ന മനുഷ്യരെയാണ് നാം ഇപ്പോള്‍ കാണുന്നത്. ദാനവും ധര്‍മ്മവും ദയയുമാണ് മനുഷ്യര്‍ ആചരിക്കേണ്ട ധര്‍മ്മം. ദയ എന്നാല്‍ മറ്റുള്ളവരോട് കാണിക്കുന്ന കനിവാണ്. അവരുടെ വിഷമതകളെയും വേദനകളെയും ഒരുമിച്ച് , ഒറ്റമനസോടെ നേരിടുകയാണ് ദയ. ദാനം എന്നാല്‍ ഇല്ലാത്തവനെ സഹായിക്കുക എന്നതാണ്. തന്നെപോലെ തന്നെ തന്റെ അയല്‍ക്കാരനെയും കാണാനുള്ള മനസാണ് മനുഷ്യന് ആര്‍ജ്ജിക്കേണ്ടത്.

Picture3

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ ഭാഗ്യം ചെയ്തവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭൂമിയില്‍ ഒരു മനുഷ്യനും പൂര്‍ണതയോടെ ജനിക്കുന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികളെ ആദരവോടെ വേണം കാണാന്‍. ആരും ഭിന്നശേഷിക്കാരായി ജനിക്കാന്‍ തീരുമാനിച്ചവരല്ല. എല്ലാ ജന്മവും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് നാം തിരിച്ചറിയണം.

ഭിന്നശേഷിക്കാരായ മക്കളെ സ്വന്തം മക്കളെപോലെ എല്ലാവരും ഉള്‍ക്കൊള്ളണമെന്നും, ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

സമാപന സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ സജിമോന്‍ ആന്റണി, ഫൊക്കാന ഇന്റര്‍ നാഷണല്‍ കോ-ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളി, ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് , വുമന്‍സ് ചെയര്‍മാന്‍ ഡോ. കല ഷഹി എന്നിവര്‍ പ്രസംഗിച്ചു.

 

 

Leave Comment