ഫെസിലിറ്റേഷന്‍ സെന്‍റര്‍, ആലയ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം -30-03-2022

സംസ്ഥാനത്തിന്‍റെ സമസ്തമേഖലകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം നമുക്ക് കാണാന്‍ കഴിയും.

പ്രധാന തൊഴില്‍ മേഖലകളായ നിര്‍മ്മാണ മേഖല, ഹോട്ടല്‍ മേഖല, പ്ലൈവുഡ് മേഖല ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍ മേഖലകളിലും അതിഥി തൊഴിലാളികളെ ഇന്ന് കാണാന്‍ കഴിയും.

ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലെയും വടക്ക് കിഴക്കന്‍, സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിലെയും സാമ്പത്തിക പിന്നോക്കാവസ്ഥ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, തൊഴില്‍പരമായ പിന്നോക്കാവസ്ഥ, സ്ഥിരം തൊഴില്‍ ഇല്ലാത്ത അവസ്ഥ എന്നിവയും കേരളത്തിലെ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും കൂലി വ്യവസ്ഥയുമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നതിന് കാരണമായത്.

കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളില്‍ 88 ശതമാനം പുരുഷډാരും 12 ശതമാനം സ്ത്രീകളും ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.

കോവിഡ് കാലത്ത് തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തൊഴില്‍ വകുപ്പ് മുഖേന ഉറപ്പാക്കി.

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം നമ്മുടെ കൊച്ചു കേരളമാണ്.

ഈ പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തില്‍പരം തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.

ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എം.പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഒരുക്കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഇവിടെ എത്തിച്ചേര്‍ന്ന ഏതെങ്കിലും അതിഥി തൊഴിലാളികള്‍ ആവാസ് പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലെങ്കില്‍ ഈ ക്യാമ്പില്‍ വെച്ചു തന്നെ അതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി എന്ന ഒരു പദ്ധതിയും അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ഈ പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതാണ്.

കേരളത്തില്‍ വെച്ച് മരണമടയുന്ന തൊഴിലാളിയുടെ നോമിനിക്ക് ഇരുപത്തിയയ്യായിരം രൂപയും തൊഴിലിടങ്ങളില്‍ വെച്ചുണ്ടാകുന്ന അപകട മരണത്തിന് രണ്ടു ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ നല്‍കുന്നു.

കൂടാതെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാനുകൂല്യവും തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.

എല്ലാ തൊഴിലാളികളും ഈ പദ്ധതിയില്‍ അംഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടാതെ സംസ്ഥാനത്ത് വെച്ച് മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് റിവോള്‍വിംഗ് ഫണ്ട് ആയി പരമാവധി അമ്പതിനായിരം രൂപ കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം ലഭ്യമാണ്.

അതിഥി തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പാര്‍പ്പിട പദ്ധതി ആണ് അപ്നാഘര്‍. തൊഴിലാളികള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൃത്തിയുള്ളതും സുരക്ഷിതവും ആയ താമസസൗകര്യം ഒരുക്കുന്നതിനാണ് അപ്നാഘര്‍ പ്രോജക്ട് കൊണ്ടു വന്നിട്ടുള്ളത്. ഇത്തരം ഹോസ്റ്റലുകളില്‍ കിടപ്പുമുറികളും ഒന്നിലധികം അടുക്കളകളും റിക്രിയേഷന്‍ സെന്‍ററുകളും ഒരുക്കിയിട്ടുണ്ട്.

പാലക്കാട് കഞ്ചിക്കോട് ഇത്തരത്തിലുള്ള ഒരു പ്രോജക്ട് ഭവനം ഫൗണ്ടേഷന്‍ മുഖേന ആരംഭിച്ചിട്ടുണ്ട്. 620 തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്.

കൂടാതെ കോഴിക്കോട് ജില്ലയിലെ കിനാലൂരിലും 520 ബഡുകളോടെ ഒരു ഹോസ്റ്റല്‍ സമുച്ചയം പണിതു വരികയാണ്.

ഈ ഹോസ്റ്റല്‍ സമുച്ചയത്തിന്‍റെ ആദ്യ ഘട്ടത്തിന്‍റെ ഉദ്ഘാടനം ഏപ്രില്‍ മാസത്തില്‍ നടക്കുയാണ്.

എറണാകുളത്ത് കളമശ്ശേരി കിന്‍ഫ്രാ പാര്‍ക്കില്‍ 990 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായി വരികയാണ്.

ഇങ്ങനെ സംസ്ഥാനത്ത് തൊഴില്‍ തേടി എത്തുന്ന അതിഥി തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന് എല്ലാ സൗകര്യങ്ങളും തൊഴിലവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്കും ലഭിക്കണം എന്നതാണ് സര്‍ക്കാര്‍ നയം.

കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി, ഇന്‍ഷൂറന്‍സ് പദ്ധതി, വേതന വ്യവസ്ഥകള്‍, തൊഴില്‍ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങളക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതിനുമായി 9 ജില്ലകളില്‍ നിലവില്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഇത്തരം സെന്‍ററുകളില്‍ ബംഗാളി, ഹിന്ദി എന്നീ ഭാഷകള്‍ അറിയാവുന്ന നന്നായി കൈകാര്യം ചെയ്യുന്ന ഫെസിലിറ്റേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് വേണ്ടി അപ്നാഘര്‍ പദ്ധതിക്ക് പുറമെ ആലയ് എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് 6.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫ്ളോര്‍ ഏരിയയും, പൊതുവരാന്തയും, ടോയ്ലറ്റും ഉള്‍പ്പെടെ മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുന്നതാണ ആലയ് പദ്ധതി.

ലേബര്‍ കമ്മീഷണര്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാവുന്നതും ടി പോര്‍ട്ടലില്‍ പ്രവേശിച്ച അതിഥി തൊഴിലാളികള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാവുന്ന തരത്തിലുമാണ് ഈ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുള്ളത്.

തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷന്‍ സെന്‍ററുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.

ഈ 5 ജില്ലകളിലും ഇതേ സമയത്ത് തന്നെ വിര്‍ച്വര്‍ ആയി പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.

പ്രസ്തുത ചടങ്ങുകളിലെത്തിയ എല്ലാവരെയും ഈ അവസരത്തില്‍ ആശംസകള്‍ അറിയിക്കുകയാണ്.

പ്രസ്തുത ചടങ്ങുകളിലെ അദ്ധ്യക്ഷന്‍മാരെയും ആശംസകള്‍ അര്‍പ്പിക്കാനെത്തിയ വിവിധ പ്രതിനിധികളെയും നന്ദി അറിയിക്കുന്നു.

അതോടൊപ്പം ആലയ് പദ്ധതിയുടെ നവീകരിച്ച പോര്‍ട്ടലിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.

കൂടാതെ ഇന്ന് ഇവിടെ അതിഥി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചതായി അറിയിക്കുന്നു.

Leave Comment