സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കും: മുഖ്യമന്ത്രി

Spread the love

തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20 ലക്ഷം നൂതന മേഖലകളിലായിരിക്കും. അഭൂതപൂർവമായ ഈ തൊഴിലവസര സൃഷ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രതിബന്ധത്തെ സ്ത്രീപക്ഷ നവകേരളം എന്ന ആശയം ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിലൂടെ തരണംചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്. നിയമപരവും സാമൂഹികവുമായ സുരക്ഷ ഒരുക്കലിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും സ്ത്രീകളെ നയിക്കണം. അങ്ങനെയായാൽ മാത്രമേ സ്ത്രീ-പുരുഷ സമത്വം യാഥാർഥ്യമാകൂ. ഇത് ഉറപ്പുവരുത്താനാണു സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം ഉയർത്തുന്നതിനും വരുമാനമാർഗങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കുന്നത്.
സ്ത്രീ മുന്നേറ്റത്തിനുള്ള സാമ്പത്തിക കരുത്തു പകരുന്നതാണ് ജെൻഡർ ബജറ്റ്. ജെൻഡർ ബജറ്റിലെ അടങ്കൽ 4665 കോടിയായി വർധിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ 20.9 ശതമാനമാണിത്. കുടുംബശ്രീയെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ബജറ്റിലുണ്ട്. 260 കോടി രൂപ കുടുബശ്രീയ്ക്കു വകയിരുത്തി. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡൽ ഏജൻസികളായി കുടുംബശ്രീ യൂണിറ്റുകളെ കണക്കാക്കും. വിവിധ തൊഴിൽദായക പദ്ധതികളിലൂടെ 2 ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കുടുംബശ്രീ ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനു സുസ്ഥിര ഉത്പന്ന, വിപണന ശൃംഘല രൂപീകരിക്കും. അയൽക്കൂട്ട അംഗങ്ങളേയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളേയും പൊതുസമൂഹത്തിലെ പ്രതിനിധികളേയും ഉൾപ്പെടുത്തി സ്ത്രീപക്ഷ നവകേരള പദ്ധതി വിപുലീകരിക്കും. പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമായി കുറഞ്ഞ പലിശനിരക്കിൽ 500 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവിനു 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വൻകിട പദ്ധതികൾക്കൊപ്പം സമൂഹത്തിലെ ഓരോ പൗരന്റേയും ഉന്നമനവും സ്വയംപര്യാപ്തതയും ലക്ഷ്യംവച്ചു സൂക്ഷ്മതലത്തിലുള്ള പദ്ധതികൾകൂടി സർക്കാർ ആവിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിക്കു ശേഷം സഹജാവബോധവും വിഭവങ്ങളുടെ സമതുലിതമായ വിതരണവും മിതമായ ഉപഭോഗവുമെല്ലാം ലോകം കൂടുതൽ ഗൗരവത്തോടെ കാണുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക കൂട്ടായ്മകളും സംരംഭങ്ങളും സജീവമായിരിക്കണമെന്ന കാഴ്ചപ്പാട് ശക്തമാകുകയാണ്. പുതിയ കാലഘട്ടത്തിൽ വൻകിട സംരംഭങ്ങളോടൊപ്പം ചെറുകിട സംരംഭങ്ങളേയും സ്വയംസഹായ സംഘങ്ങളേയും പരിപോഷിപ്പിക്കുന്ന നയമാണു സർക്കാരിന്റേത്. അതിന്റെ ഏറ്റവും പ്രധാന ദൃഷ്ടാന്തമായി മാറുകയാണു സരസ് മേള. ഗ്രാമീണ സംരംഭകർക്ക് ഉത്പന്നങ്ങളുടെ വിപണനത്തിനു സംവിധാനമൊരുക്കുക എന്നതിനൊപ്പം രാജ്യത്തിന്റെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിപണനത്തിനാവശ്യമായ വേദി സജ്ജീകരിക്കുക എന്നതും സരസ് മേളയുടെ ഉദ്ദേശ്യലക്ഷ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യമായ സാംസ്‌കാരിക, രുചിഭേദങ്ങളെ കണ്ണിചേർക്കാൻ സരസ് മേളകൾ സഹായിക്കുന്നതായും സാംസ്‌കാരിക അവബോധത്തിനുള്ള പുതിയ പദ്ധതിയായി ഇതിനെ കാണണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചി വൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ഇന്ത്യ ഓൺ ഫുഡ്കോർട്ട് പരിപാടിയുടെ ഭാഗമായി, 13 സംസ്ഥാനങ്ങളിൽനിന്നുള്ള വ്യത്യസ്ഥ വിഭവങ്ങൾ ഈ സംസ്ഥാനങ്ങളിലെ വനിതാ പ്രതിനിധികൾ പ്രാദേശിക വേഷത്തിൽ വേദിയിലെത്തി മുഖ്യമന്ത്രിക്കു സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *