പുഴയിലെ വെള്ളം തടസമില്ലാതെ ഒഴുകണമെന്നും പുതിയ തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ പദ്ധതി വിജയകരമാക്കണമെന്നും പ്രളയം ബാധിക്കാതെ, മഴക്കാലത്ത് ക്യാമ്പുകളില്ലാത്ത ജില്ലയായി എറണാകുളം മാറണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി നിയോജക മണ്ഡലത്തിലെ ഓഞ്ഞിത്തോടില്‍ ഓപ്പറേഷന്‍ വാഹിനി പദ്ധതിയോടൊപ്പം ഒരു വാര്‍ഡില്‍ ഒരു തോട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പെരിയാറിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതിനു ശേഷമാണു പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന തോട് നവീകരണത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ റസിഡന്റ്‌സ് അസോസിയേഷന്‍, ക്ലബുകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വിജയകരമാക്കണം. 8 കോടി രൂപ ആലങ്ങാട്, കടുങ്ങല്ലൂര്‍ മേഖലയിലെ തോടുകളുടെ നവീകരണത്തിനും ഏലൂര്‍ മേഖലയില്‍ രണ്ടുകോടി രൂപയും നരണിത്തോടിന് 1.32 കോടി രൂപയും ഉള്‍പ്പെടെ ആകെ 12 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാലവര്‍ഷത്തിനു മുമ്പ് തോടുകളിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തോടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍, ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യും. തോടുകളുടെ വെള്ളം ഉള്‍ക്കൊള്ളാവുന്ന പരമാവധി ശേഷി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ദിനംതന്നെ ഇരുന്നൂറിനടുത്ത് തോടുകളില്‍ വാര്‍ഡ്തലത്തില്‍ ജില്ലയില്‍ നവീകരണം ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയിലൂടെ വാരുന്ന എക്കല്‍ ലേലത്തിലൂടെ വിതരണം ചെയ്ത് ലഭിക്കുന്ന വരുമാനം അതാത് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും.
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ യേശുദാസ് പറപ്പിള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ അബൂബക്കര്‍, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ജലസേചന വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.