ഇടുക്കി: കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച്.എ.റ്റി.സിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും ഉദ്ഘാടനം അഡ്വ.എ രാജ എം എൽ എ നിർവ്വഹിച്ചു. ആയിരത്തോളമാളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ജിംനേഷ്യത്തിനുള്ള ഹാളും കുട്ടികൾക്കുള്ള ഹോസ്റ്റൽ താമസ സൗകര്യവുമാണ് കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ആശംസ സന്ദേശം വായിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ നാടമുറിച്ച് ഓഡിറ്റോറിയം പൊതുജനങ്ങൾക്കായി തുറന്ന് നൽകി. ഒരു കോടി 7 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിൻ്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായിരുന്നു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി മൂന്നാർ ടൗണിലെ നല്ലതണ്ണി ജംഗ്ഷനിൽ നിന്നും ഉദ്ഘാടന സമ്മേള്ളന വേദിയിലേക്ക് വിളംബര ജാഥയും സംഘടിപ്പിച്ചു.