ഡിജിറ്റല്‍ റീസര്‍വെ ഇനി ‘സര്‍വെ പപ്പു’വിനൊപ്പം; ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

Spread the love

നാല് വര്‍ഷത്തിനകം 1,550 വില്ലേജുകളിലെ റീസര്‍വെ പൂര്‍ത്തിയാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍

എറണാകുളം: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ദൗത്യം നടപ്പാക്കുന്നതിനും ഭൂസേവനങ്ങള്‍ കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വളരെ വേഗത്തില്‍ സുതാര്യമായ രീതിയില്‍ നല്‍കുന്നതിനും ഭൂപരാതികള്‍ക്കു സ്ഥായിയായ പരിഹാരം കാണുന്നതിനുമായി ഡിജിറ്റല്‍ സര്‍വെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടനുബന്ധിച്ചുള്ള ഭാഗ്യചിഹ്നം റവന്യൂ, സര്‍വെ വകുപ്പ് മന്ത്രി കെ.രാജന്‍ എറണാകുളം ടൗണ്‍ഹാളില്‍ പ്രകാശനം ചെയ്തു. ‘സര്‍വെ പപ്പു’ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയാനയാണ് ഡിജിറ്റല്‍ റീസര്‍വെയുടെ ഭാഗ്യചിഹ്നം. ഡിജിറ്റല്‍ റീസര്‍വെയുടെ തീം സോങ് ഹൈബി ഈഡന്‍ എം.പിയും റിലീസ് ചെയ്തു.

നാലു വര്‍ഷത്തിനകം 1,550 വില്ലേജ് ഓഫീസുകളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. 56 വര്‍ഷം കൊണ്ട് 911 വില്ലേജുകളിലെ സര്‍വെ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഇതില്‍ 89 എണ്ണത്തില്‍ മാത്രമാണ് ഡിജിറ്റലായി അളക്കാന്‍ സാധിച്ചിട്ടുള്ളത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് നവകേരള നിര്‍മ്മിതിയുടെ ഭാഗമായി പണം ചെലവഴിക്കുന്ന പൊതുഫണ്ടില്‍നിന്ന് 807 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ഡിജിറ്റല്‍ റീസര്‍വെയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ സോഫ്റ്റ്വെയര്‍, റവന്യൂ വകുപ്പിന്റെ റിലീഫ് സോഫ്റ്റ്വെയര്‍, സര്‍വെ വകുപ്പിന്റെ ഇ-മാപ്പ് സോഫ്റ്റ്വെയര്‍ എന്നിവ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനമായിരിക്കും ഡിജിറ്റല്‍ റീസര്‍വെ വഴി നടപ്പിലാക്കുക. ആറുമാസത്തിനുള്ളില്‍ 200 വില്ലേജുകള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക സര്‍വെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീസര്‍വെയില്‍ ഭൂവുടമകളുടെ സഹകരണം അത്യാവശ്യമായതിനാല്‍ ബഹുജന പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *