മില്‍മ തിരുവനന്തപുരം മേഖല യൂണിയന് ഭരണസമിതിയിലെ 14 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച നാലു സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് അഭിവാദ്യം നേരുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്.
അധികാരവും പണവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ഏറ്റവും ഹീനമായ നടപടികളെ അതിജീവിച്ചാണ് മില്‍മ ഭരണസമിതിയിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.പലജില്ലകളിലും വോട്ടര്‍മാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളാണ് നേതൃത്വം നല്‍കിയത്. പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാതെ വോട്ട് ചെയ്ത് യുഡിഎഫ് പ്രതിനിധികളെ വിജയിപ്പിച്ച ജനാധിപത്യബോധമുള്ള വോട്ടര്‍മാരോട് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുന്നെന്നും രാധാകൃഷ്ണന് പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ മൂന്ന്,പത്തനംതിട്ടിയില്‍ രണ്ട്, കൊല്ലം നാല്, തിരുവനന്തപുരം അഞ്ച് എന്നിങ്ങനെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ എസ്.സി സംവരണ വിഭാഗത്തിലെ ഏക സീറ്റാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. അതില്‍ യുഡിഎഫ് പ്രതിനിധി വിജയിച്ചു.ശേഷിക്കുന്ന ഫലം പ്രഖ്യാപിക്കേണ്ട നാലു സീറ്റിലും വിജയം യുഡിഎഫിനാണ്.
ആലപ്പുഴ ജില്ലയില്‍ ഫലം പ്രഖ്യാപിച്ച മൂന്ന് സീറ്റും യുഡിഎഫ് നേടി. അഡ്മിനിസ്ട്രേറ്റീവ് വോട്ടിനേക്കാള്‍ ഭൂരിപക്ഷമുള്ള രണ്ട് സീറ്റുകളിലാണ് ഫലം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപന പ്രകാരം അത് യുഡിഎഫ് വിജയിച്ചു. കൊല്ലത്ത് ഫലം പ്രഖ്യാപിച്ചത് വനിതാസംവരണ സീറ്റിലേതാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മെഹര്‍ ഹമീദാണ് ഇവിടെ വിജയിച്ചത്. ശേഷിക്കുന്ന മൂന്ന് സീറ്റിലും യുഡിഎഫ് പ്രതിനിധികള്‍ വിജയിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വെല്ലുവിളികളെ അതിജീവിച്ച് തിളക്കമാര്‍ന്ന വിജയം നേടിയ സ്ഥാനാര്‍ത്ഥികളെയും അവരെ തിരഞ്ഞെടുത്ത് വിജയിപ്പിച്ച നല്ലവരായ വോട്ടര്‍മാരോടുള്ള നന്ദിയും കടപ്പാടും കെപിസിസി പ്രസിഡന്റ് വേണ്ടി ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുന്നെന്നും ടിയു രാധാകൃഷ്ണന് പറഞ്ഞു.