കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍ : കെ.സുധാകരന്‍ എംപി

Spread the love

പത്തനംതിട്ട തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. എംപി.

ബാങ്കില്‍ നിന്നും വായ്പയെടുത്ത് പത്ത് ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിനെടുത്താണ് ആത്മഹത്യ ചെയ്ത രാജീവ് കൃഷി ചെയ്തത്. അതില്‍ എട്ടേക്കറിലെ നെല്‍കൃഷിയാണ് വേനമഴയില്‍ നശിച്ച് പോയത്. സര്‍ക്കാര്‍ സഹായത്തിന് ശ്രമിച്ചെങ്കിലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയത്. കേരളത്തില്‍ കൃഷി ചെയ്യുന്ന മിക്ക കര്‍ഷകരുടെയും അവസ്ഥയിതാണ്. പലരും വന്‍ തുക ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കുന്നത്. കാലാവസ്ഥ വ്യതിയാനം കൊണ്ട് കൃഷിനാശം ഉണ്ടാകുമ്പോള്‍ ആവശ്യമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതിലെ സര്‍ക്കാരിന്റെ അലംഭാവമാണ് ഇത്തരം കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം.

വേനല്‍മഴയെ തുടര്‍ന്നുള്ള കൃഷിനാശം മൂലം പതിനായിരകണക്കിന് കര്‍ഷകരുടെ സ്വപ്നങ്ങളാണ് ഒലിച്ച് പോയത്. ഹെക്ടര്‍ കണക്കിന് ഭൂമിയിലെ കൃഷിനശിച്ചു. സംസ്ഥാന വ്യാപകമായി എത്ര ഹെക്ടര്‍ ഭൂമിയിലെ കൃഷിനാശം ഉണ്ടായെന്ന കൃത്യമായ കണക്ക് ശേഖരിക്കാന്‍ ഇതുവരെ ക്യഷിവകുപ്പ് നടപടി സ്വീകരിച്ചില്ല. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലും മലയോര മേഖലകളിലും വ്യാപക കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കുട്ടനാട് മാത്രം 1300 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. കെയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിനടിയിലാണ്. ആറുമാസത്തെ കര്‍ഷകന്റെ അധ്വാനമാണ് വിളവെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ വെള്ളത്തിനടിയില്‍ കിടന്ന് നശിക്കുന്നത്. ഇതൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്രയൊക്കെ നാശനഷ്ടം ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് ഒരുവിധ ദുരിതവുമില്ലെന്ന സമീപനമാണ് കൃഷിമന്ത്രിയുടെത്.

ലക്ഷങ്ങള്‍ ലോണെടുത്താണ് കര്‍ഷകര്‍ പ്രതീക്ഷയോടെ കൃഷിയിറക്കുന്നത്. വായ്പ തിരിച്ചടവും ഉയര്‍ന്ന പലിശയും മൂലം പലരും ആത്മഹത്യയുടെ വക്കിലെന്നതാണ് വസ്തുത. കൃഷി ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് തുക കൃത്യസമയത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 25 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകന് നല്‍കാനുണ്ട്. കുടിശിക സമയബന്ധിതമായി നല്‍കുന്നതിനും നാളിതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്തത് കടുത്ത അനീതിയാണ്. അതിനാല്‍ ഓരോ കര്‍ഷകനും കടത്തിന് മേല്‍ കടമെടുക്കേണ്ട സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു.

നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലം കര്‍ഷകന് ലഭിക്കുന്നില്ല. നെല്ല് സംഭരിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം തുടരുന്നു. പലയിടത്തും പാടശേഖരത്തിന് സമീപം ചാക്കില്‍ക്കെട്ടിയാണ് നെല്ല് സൂക്ഷിക്കുന്നത്. ഈര്‍പ്പം ഉണ്ടാകുമ്പോള്‍ നെല്ലിന് വില കിട്ടാതെ പോകുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോഴും സര്‍ക്കാരില്‍ മതിയായ നഷ്ടപരിഹാരം കര്‍ഷകന് കിട്ടിയില്ല. ഇതിനെതിരെ ആത്മഹത്യ ചെയ്ത രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാലുവര്‍ഷം മുന്‍പ് പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാം ഇതുവരെ കിട്ടാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്. വിവിധയിനം പച്ചക്കറി, വാഴക്കൃഷി കര്‍ഷകരും സമാനദുരിതത്തിലാണ്. ഹോര്‍ട്ടികോര്‍പ്പ് മുഖേന പച്ചക്കറി സംഭരിച്ച വകയില്‍ കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകന് നല്‍കാനുള്ളത്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് ഓരോ കര്‍ഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *