ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റിനു തുടക്കം കുറിച്ചു. ഏപ്രിൽ 3 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്ടാഫൊർഡ് സിറ്റി പാർക്കിൽ ആദ്യ മത്സരം നടന്നു.
ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് സ്ടാഫൊർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു ഉത്ഘാടനം ചെയ്തു. ഐസിഇസിഎച്ച് പ്രസിഡണ്ട് റവ. എബ്രഹാം സക്കറിയ (ജെക്കു അച്ചൻ ) അധ്യക്ഷത വച്ചു. ക്രിക്കറ്റ് കോർഡിനേറ്റർ ബിജു ചാലയ്ക്കൽ സ്വാഗത പ്രസംഗം നടത്തി.
സ്പോർട്സ് കൺവീനർ റവ. ജോബി മാത്യു, ഐസിഇസിഎച്ച് ട്രഷറർ മാത്യു സ്കറിയ, വോളന്റീയർ ക്യാപ്റ്റന്മാരായ നൈനാൻ വീട്ടിനാൽ, എബ്രഹാം തോമസ് (സണ്ണി), സ്പോർട്സ് കമ്മിറ്റി ഭാരവാഹികളായ അനിൽ വർഗീസ്, റജി കോട്ടയം, ആൻഡ്രൂ ജേക്കബ്, ഓഡിറ്റർ ജോൺസൻ വർഗീസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ജോൺസൻ ഉമ്മൻ എന്നിവർ പങ്കെടുത്തു.
ഉത്ഘാടനമത്സരത്തിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ടീമും .(സെന്റ് ജോസഫ് 182/4) സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ടീമും ഏറ്റുമുട്ടിയപ്പോൾ 110 റൺസിന്റെ തിളക്കമാർന്ന വിജയം ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം കരസ്ഥമാക്കി (സെന്റ് സ്റ്റീഫൻസ് 72/6). ആദ്യമത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി സെന്റ് ജോസഫ് സീറോ മലബാർ ടീമിലെ ഡിനോയ് പൗലോസിനെ തിരഞ്ഞെടുത്തു.
ഏപ്രിൽ 9 (ശനി) ന് നടന്ന ആദ്യ റൗണ്ട് മത്സരങ്ങളും ഫലങ്ങളും :
സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ചർച്ച് 7 വിക്കറ്റിനു 90 റണ്ണുകൾ എടുത്തപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 91 റണ്ണുകൾ എടുത്ത് സെന്റ് മേരീസ് ക്നാനായ കാത്തലിക് ടീം വിജയിച്ചു. സെന്റ് മേരീസ് ക്നാനായ ടീമിലെ ജേക്കബ് ബേബി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇമ്മാനുവേൽ മാർത്തോമാ ചർച്ച് ടീം 3 വിക്കറ്റിനു 149 റണ്ണുകൾ എടുത്ത് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ടീമിനെ 18 റണ്ണുകൾക്ക് പരാജയപ്പെടുത്തി (സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്ആം -131/9) ഇമ്മാനുവേൽ ടീമിലെ സുജിത് കുര്യൻ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
സെന്റ് ജെയിംസ് ക്നാനായ ടീം 8 വിക്കറ്റിനു ട്രിനിറ്റി മാർത്തോമാ ടീമിനെ പരാജയപ്പെടുത്തി (സെന്റ് ജെയിംസ് 87/2 ട്രിനിറ്റി 86/9) സെന്റ് ജെയിംസ് ടീമിലെ ജെറിൻ സാലു മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച് ടീമും സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ച് ടീമും തമ്മിൽ നടന്ന പോരാട്ടത്തിൽ സെന്റ് മേരീസ് ടീമിന് 8 റണ്ണിന്റെ വിജയം! (സെന്റ് മേരീസ് 136/9) സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ടീമിനെ (128/3) സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ടീമിലെ എബിൻ കുര്യൻ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ടൂർണമെന്റിലെ ആദ്യത്തെ സെഞ്ചുറിയായി സെന്റ് ഗ്രിഗോറിയോസിലെ സിജു സാജൻ പുറത്താകാതെ 100 റണ്ണുകൾ അടിച്ചെടുത്തുവെങ്കിലും സെന്റ് മേരീസിന്റെ വിജയത്തെ ചെറുക്കാനായില്ല.
ഫൈനൽ മൽസര വിജയികൾക്ക് എബി.കെ.മാത്യു സ്പോൺസർ ചെയ്ത കെ.കെ. മാത്യു മെമ്മോറിയൽ ട്രോഫി സമ്മാനിക്കും. ബിജു ചാലയ്ക്കൽ സ്പോൺസർ ചെയ്ത ട്രോഫി റണ്ണർ അപ്പിന് ലഭിക്കും. മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി സീരീ, ബെസ്റ്റ് ബൗളർ, ടൂർണമെന്റ് ബെസ്ററ് ക്യാച്ച്, പ്രോമിസിംഗ് പ്ലയെർ തുടങ്ങി നിരവധി വ്യക്തിഗത ട്രോഫികളും ടൂർണമെന്റിനെ ആകർഷമാക്കുന്നു. ഈ ട്രോഫികൾ യുണൈറ്റഡ് ടാക്സസ് ആൻഡ് ഇൻഷുറൻസസ് സിഇഓ ജോർജ് ജോസഫാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
എല്ലാ ദിവസവും നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് കളികൾ കാണാനെത്തുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാ വാരാന്ത്യങ്ങളിലും നടത്തപെടുന്ന ഈ ടൂര്ണമെന്റിലേക്കു ഹൂസ്റ്റണിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.
റിപ്പോർ ജീമോൻ റാന്നിട്ട്