അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി ‘കുരുവിക്കൊരുകൂട് പദ്ധതി’

കുരുവിക്കൊരുകൂട് പദ്ധതി വിപുലീകരിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻതിരുവനന്തപുരം: അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി വിപുലീകരിക്കുമെന്നും ഇതു സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അങ്ങാടിക്കുരുവികളടക്കമുള്ള ചെറുജീവികളെ സഹജീവികളായി കണ്ട് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഓരോരുത്തരും പ്രയത്നിക്കണം. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരുമുൾപ്പെടെ ജില്ലയിലെ വിവിധ മാർക്കറ്റുമായി ബന്ധപ്പെടുന്നവരുടെ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു.പ്രകൃതി സംരക്ഷണത്തിന് പക്ഷികളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. കുരുവിസംരക്ഷകരായ തൊഴിലാളികൾക്കുള്ള ടി ഷർട്ടുകളും മന്ത്രി വിതരണം ചെയ്തു.ചടങ്ങിൽ ഇരുമന്ത്രിമാരും സംയുക്തമായി കുരുവികൾക്കുള്ള കൂടുകൾ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ ആദ്യം കണ്ണിമാറ, ചാല മാർക്കറ്റുകളിൽ 50 വീതം കൂടുകളാണ് സ്ഥാപിക്കുക. തുടർന്ന് ജില്ലയിലെ മറ്റു മാർക്കറ്റുകളിലും പദ്ധതിയുടെ ഭാഗമായി കൂടുകൾ സ്ഥാപിക്കും. വനം വകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗം, റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറത്തിന്റെയും വിവിധ തൊഴിലാളികളുടെയും സഹകരണത്തോടെ 2013 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കുരുവിക്കൊരു കൂട്.

Leave Comment