എംപ്ലോയിന്‍മെന്‍റ് എക്സ്ചേഞ്ച് വഴി കെഎസ്ആര്‍ടിസിയില്‍ ജോലിക്കയറി പത്തുവര്‍ഷം തികഞ്ഞ എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരള കെഎസ് ആര്‍ടിസി എംപ്ലോയിന്‍മെന്‍റ് എംപാനല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റിഡിഎഫ്) സംസ്ഥാന പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 38 ദിവസമായി ആള്‍ കേരള കെഎസ് ആര്‍ടിസി എംപ്ലോയിന്‍മെന്‍റ് എംപാനല്‍ വര്‍ക്കേഴ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവരികയാണ്.
ജീവിതത്തിന്‍റെ നല്ലൊരു പങ്കും കെഎസ്ആര്‍ടിസിക്ക് വേണ്ടി ചെലവാക്കിയ ജീവനക്കാരോടാണ് സര്‍ക്കാര്‍ ചിറ്റമ്മയം നയം നടപ്പാക്കുന്നതെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. മുഖ്യമന്ത്രിയും മാനേജ്മെന്‍റും ജീവനക്കാരെ പറഞ്ഞ് വഞ്ചിച്ച് തെരുവിലിറക്കി വിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയുടനെ 8500 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പുതിതായി രുപീകരിക്കുന്ന കെയുആര്‍ടിസി, സിഫിറ്റ് എന്നിവയില്‍ ഇവരെ നിയമിക്കുമെന്ന് വാഗ്ദാനമാണ് അന്ന് നല്‍കിയത്. എന്നാലിത് വെറും പഴങ്കഥയായി. അതേസമയം പുറംവാതില്‍ നിയമനങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുന്നു. തൊഴിലാളി ദ്രോഹ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.
കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5400 ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥലത്ത് ഇന്ന് 3000 ബസ്സ് ഓടിക്കാന്‍ പോലും സാധിക്കുന്നില്ല. കൂടുതല്‍ ബസ്സുകള്‍ ഇറക്കി യാത്രാക്ലേശം പരിഹരിക്കണം.മറ്റ് സര്‍ക്കാര്‍ ജീവനക്കാരോട് കാണിക്കുന്ന നീതി കെഎസ്ആര്‍ടിസി ജീവനക്കാരോട് സര്‍ക്കര്‍ കാട്ടുന്നില്ല. ശമ്പളം തടയുന്നു. ഡിഎയും ശമ്പളപരിഷ്‌ക്കരണവും നിഷേധിക്കുന്നുവെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
എെഎസിസി അംഗം കെ.എസ്.ഗോപകുമാര്‍, യൂണിയന്‍ നേതാക്കളായ സുഗണന്‍, സനല്‍, പ്രേംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.