പോത്താനിക്കാട്, മഞ്ഞള്ളൂര്‍ കുടുംബരോഗ്യകേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു

Spread the love

കൂട്ടായ പ്രവര്‍ത്തനം ആരോഗ്യമേഖലയെ ഇനിയും ഉയരങ്ങളില്‍ എത്തിക്കും: മന്ത്രി വീണാ ജോര്‍ജ്.

കൂട്ടായ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആരോഗ്യമേഖയില്‍ കേരളത്തിന് ഇനിയും നേട്ടങ്ങളേറെ കൈവരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സെക്രട്ടറിയേറ്റ് മുതല്‍ താഴെ തലംവരെ ഒരു ടീമായിട്ടാണു നീങ്ങുന്നത്. അതിന്റെ ഭാഗമായി രോഗ നിര്‍മാര്‍ജനം തുടങ്ങി നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലി രോഗിങ്ങളെ നേരിടാന്‍ വലിയ ഉദ്യമത്തിന് ആരോഗ്യവകുപ്പ് തുടക്കമിടുകയാണ്. വരുന്ന മെയ് 17 ന് ജീവിതശൈലി രോഗങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജീവിത ശൈലി രോഗത്തിനു ചികിത്സയെക്കാള്‍ പ്രധാനം പ്രതിരോധ ശേഷി വര്‍ധിപ്പിക്കലാണ്. ഇതിനായി ഒരു ജനകീയ ഇടപെലാണ് ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തില്‍ തുടങ്ങി, മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോത്താനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി നാടിനുസമര്‍പ്പിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഒ.പി വിഭാഗവും പൊതുജനാരോഗ്യ വിഭാഗവും ലാബും നവീകരിച്ചു.

ദേശീയ ആരോഗ്യമിഷന്റെ 14 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 12.5 ലക്ഷം രൂപയും ഉപയോഗിച്ച് ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്ത വിധമാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മഞ്ഞള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയും ഓണ്‍ലൈന്‍ ഉദ്ഘാടനത്തിലൂടെ ആരോഗ്യ മന്ത്രി നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മഞ്ഞള്ളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ പ്രാദേശികമായി നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള 50 ലക്ഷവും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷവും, ദേശീയ ആരോഗ്യമിഷന്റെ വിഹിതവും ഉപയോഗിച്ചാണ് മഞ്ഞള്ളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ പോത്താനിക്കാട് ആശുപത്രിയിലും മഞ്ഞള്ളൂര്‍ ആശുപത്രിയിലും
ഒ.പി സേവനം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഇവിടെ ലഭ്യമാകും. ജീവിതശൈലി രോഗനിര്‍ണയ നിയന്ത്രണ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇവിടെനിന്നു ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *