ഒന്നാംഘട്ടത്തില്‍ 835 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി
ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ അവസാനിക്കുന്ന മെയ് 20 നുള്ളില്‍ ജില്ലയില്‍ എണ്ണായിരത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഒന്നാംഘട്ട ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തുണ്ടു ഭൂമി പോലും കൈവശമില്ലാത്തവന് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒരാള്‍ക്ക് ഒരു തണ്ടപ്പേര് എന്നതിലൂടെ എല്ലാവര്‍ക്കും ഭൂമിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊന്നാനി താലൂക്ക് ഇ ഓഫീസ്, താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തിരൂര്‍ പള്ളപ്രം സ്വദേശി സുലോചനക്ക് മന്ത്രി ആദ്യ പട്ടയം കൈമാറി. ജില്ലതല പട്ടയമേളയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 835 കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിച്ചത്. തിരൂര്‍ ആര്‍.ഡി.ഒക്ക് കീഴിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കിലെ ഗുണഭോക്താക്കള്‍ക്കാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. പൊന്നാനി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 157 പട്ടയങ്ങളും തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 346 പട്ടയങ്ങളും തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് 247 പട്ടയങ്ങളും 85 ലക്ഷംവീട് പട്ടയങ്ങളുമാണ് അനുവദിച്ചത്. ഡോ.കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനായി.