ചാക്രിയും രിത് വയും ബിഹുവും അരങ്ങുണർത്തി മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ കലാസാംസ്കാരിക പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ആശ്രാമം മൈതാനത്തെ വേദിയിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഭാരത് ഭവൻ സംഘം അവതരിപ്പിച്ച വടക്കൻ സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങൾ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഗോത്ര സംഗീതത്തിന്റെ പ്രത്യേകതകൾ കൊണ്ടും സദസ്സിന് പുതിയ അനുഭവമായി.
രാജസ്ഥാനിലെ കഞ്ചാർ ഗോത്രത്തിലെ സ്ത്രീകളുടെ പ്രധാന ആഘോഷ വേളകളിലെ ചാക്രി നൃത്തത്തോടെ ആയിരുന്നു തുടക്കം. നിലവിൽ രാജസ്ഥാനിലെ ഉത്സവങ്ങളിലും വിവാഹ വേദികളിലും മാത്രമാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. വർണാഭമായ വേഷവിധാനങ്ങളും വട്ടത്തിൽ അതിവേഗത്തിലുള്ള ചലനങ്ങളും ആണ് പ്രത്യേകത.
ഹരിയാനയിലെ കർഷകർ വിളവെടുപ്പ് കാലത്ത് അവതരിപ്പിക്കുന്ന ഫാഗ് നൃത്തവും ഗുജറാത്തിലെ തെക്കുകിഴക്കൻ ഭാഗത്തെ രത് വാ വിഭാഗക്കാരുടെ ഹോളി നൃത്തവും അസാമിൽ ഉത്സവകാലത്ത് കാണുന്ന ബിഹു നൃത്തവും തുടർന്ന് വേദിയിലെത്തി.
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോൺ കൾച്ചറൽ സെന്ററും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായാണ് ഇന്ത്യൻ ഗ്രാമോത്സവം എന്ന പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്. ചെണ്ട മേളത്തോടെ അവസാനിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നാൽപതോളം കലാകാരന്മാർ അണിനിരന്നു .