ഏഴംകുളം ചിത്തിര കോളനിയില്‍ അംബേദ്കര്‍ ഗ്രാമപദ്ധതിയിലൂടെ ഒരു കോടി രൂപ അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടിവെള്ള വിതരണം, റോഡ് നിര്‍മാണം, ഡ്രെയ്നേജ് നിര്‍മാണം, വീട് നവീകരണം, വൈദ്യുതീകരണം, രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം എന്നിങ്ങനെ അടിസ്ഥാനവികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.ഓരോ പ്രദേശത്തും ഏതുതരം വികസനമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞുള്ള നടപടികളാണ് ഇവിടെ നടപ്പാക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കോളനി നവീകരണത്തിന് അവസരം ഒരുങ്ങിയത്. കോളനി നവീകരണവുമായി ബന്ധപ്പെട്ട് ചിത്തിര കോളനി നിവാസികളുടെ യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രജിത ജയ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാര്‍, ജില്ലാ പട്ടികജാതി വികസന സമിതി അംഗം കുറുമ്പകര രാമകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍, പട്ടികജാതി വികസന ഓഫീസര്‍ റാണി, സ്റ്റേറ്റ് നിര്‍മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എല്‍. ഷീജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോളനിയില്‍ നടപ്പാക്കേണ്ട വികസനങ്ങളെ സംബന്ധിച്ച് അവിടെ എത്തിച്ചേര്‍ന്ന ആളുകളുടെ അഭിപ്രായം സ്വരൂപിക്കുകയും പട്ടികജാതി വികസന ഓഫീസര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍, എസ്‌സി കോ-ഓര്‍ഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ ചെയ്ത് മുന്‍ഗണനാ ക്രമത്തില്‍ ചെയ്യുന്നതിന് ഉള്ള നിര്‍ദേശവും ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍, പട്ടികജാതി കോ-ഓര്‍ഡിനേറ്റര്‍, കോളനിയിലെ രണ്ട് അംഗങ്ങള്‍ എന്നിങ്ങനെ മോണിറ്ററിംഗ് കമ്മറ്റിയും ഇതിനായി എടുത്തിട്ടുണ്ട്. എത്രയും വേഗം വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് അംബേദ്കര്‍ ഗ്രാമം പദ്ധതി ഇവിടെ യാഥാര്‍ഥ്യം ആക്കുമെന്നും അടുത്ത ദിവസങ്ങളില്‍ എസ്റ്റിമേറ്റ് നടപടികള്‍ തുടങ്ങുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *