സെക്രട്ടറിയേറ്റിലെ ഫയൽ നീക്കത്തിന്റെ തട്ടുകൾ നിജപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണപരിഷ്‌കാര കമ്മീഷൻ ശുപാർശയുടെയും തുടർന്നുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഓഫീസർമാരുടെ ഫയൽ പരിശോധനാതലങ്ങൾ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകൾ സംബന്ധിച്ചും രൂപമായി.
നയപരമായ തീരുമാനം, ഒന്നിൽകൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികൾ, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണ്ണ നിയമപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ വിഷയങ്ങൾ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നതതലത്തിൽ വിശദമായി പരിശോധിക്കും.ഫയൽ പരിശോധന നടത്തുന്നതിന് ഓരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥർ (തട്ടുകൾ) എപ്രകാരമായിരിക്കണമെന്ന് അതതു വകുപ്പുസെക്രട്ടറിമാർ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും.