‘അമ്മയായതിനു ശേഷം ക്യാമറക്കു മുന്‍പിലേക്ക് തിരിയെത്തുമ്പോള്‍’

Spread the love

പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും സിനിമയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് മിയ ജോര്‍ജ്. അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത ശേഷം താരം ഇപ്പോള്‍ മലയാളത്തിലെ ജനപ്രിയ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് കേരള ഡാന്‍സ് സീസണ്‍ 2-ല്‍ വിധികര്‍ത്താവായി തിരിച്ചെത്തിയിരിക്കുകയാണ്. അമ്മ ആയതിനു ശേഷം കാമറക്കു മുന്നിലേക്ക് വീണ്ടുമെത്തിയ മിയ തന്റെ പുതിയ റോളിനെ കുറിച്ച് സംസാരിക്കുന്നു.

1) ഒരിടവേളക്ക് ശേഷം റിയാലിറ്റി ഷോ വിധികര്‍ത്താവായി തിരികെയെത്തുമ്പോള്‍ എന്തു തോന്നുന്നു്?

ഒരുപാട് സന്തോഷമുണ്ട്. ഓരോ ദിവസവും പുതിയ അനുഭവമാണ്. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവരുന്നു. അതിന് മികച്ച അവസരം ലഭിക്കുന്നു. ഓരോരുത്തരുടേയും വ്യത്യസ്തമായ പെര്‍ഫോമന്‍സുകള്‍ നന്നായി ആസ്വദിക്കുന്നു. വിധികര്‍ത്താവ് എന്ന നിലയില്‍ മികച്ച പ്രകടനങ്ങളെ വിലയിരുത്തുന്നതും ശ്രമകരമാണ്. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണെങ്കിലും ഈ റോള്‍ ആസ്വദിച്ച് ചെയ്യുന്നു.

2) വ്യക്തിജീവിതവും ജോലിയും എങ്ങനെ ബാലന്‍സ് ചെയ്തു പോകുന്നു?

രണ്ടും ബാലന്‍സ് ചെയ്തു പോകണം എന്നുള്ളത് ആദ്യമെ എടുത്ത ഒരു തീരുമാനമാണ്. ജോലി ഉപേക്ഷിക്കണമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ഗര്‍ഭ കാലത്തും കഴിയാവുന്ന രീതില്‍ ജോലി തുടരാന്‍ ശ്രമിച്ചതും അതുകൊണ്ടാണ്. പ്രസവം കഴിഞ്ഞ അഞ്ചു മാസത്തിനു ശേഷം പതിയെ ജോലികളിലേക്ക് മടങ്ങിഎത്തിത്തുടങ്ങുകയും ചെയ്തു. ഏതു തൊഴില്‍ രംഗത്തായാലും സ്ത്രീകള്‍ക്ക് മാതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നത് സ്വാഭാവികമാണ്. അതിനാവശ്യമായ അവധി എടുത്ത് മടങ്ങി എത്തുക എന്നതും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ എനിക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്.

3) ഡാന്‍സ് കേരള ഡാന്‍സില്‍ മിയയെ ആവേശംകൊള്ളിക്കുന്നത് എന്താണ്?

ഡാന്‍സ് കേരള ഡാന്‍സ് ടീം തന്നെയാണ് ആവേശം. ജഡ്ജിങ് പാനലിലെ സഹപ്രവര്‍ത്തകരും അവതാരകരും ഒരു കൂട്ടം മത്സരാര്‍ത്ഥികളുമെല്ലാം കൂടി ചേര്‍ന്ന മികച്ച ഒരു ടീം ആണ്. ആദ്യ സീസണ്‍ തന്നെ ഹിറ്റായിരുന്നത് കൊണ്ട് ഏറെ ശ്രദ്ധ ലഭിക്കുന്ന ഒരു ഷോ ആയിരിക്കുമെന്ന് ഉറപ്പാണല്ലോ. സീ കേരളം മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ചാനലായത് കൊണ്ട് ആദ്യ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ വലിയ ആവേശമായിരുന്നു. പിന്നെ ടീം എന്നു പറഞ്ഞാല്‍ ഫണ്‍ ആണ്. ഒരേ വൈബുള്ള ആളുകളായത് കൊണ്ട് വേഗത്തില്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയെടുക്കാനായി. ഞാന്‍ വളരെ ഹാപ്പിയാണ്. ജോലി ചെയ്യുന്ന സമയം ഒരിക്കലും സമ്മര്‍ദ്ദം തരുന്നില്ല. ഡികെഡി മികച്ച ഒരു അനുഭവമാണ്.

4) ഡാന്‍സ് കേരള ഡാന്‍സിന്റെ വിധികര്‍ത്താവായി ഇത് വരെയുള്ള അനുഭവം വിവരിക്കാമോ?

സീ കേരളം ചാനലിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് വിവാഹം ശേഷം ആദ്യമായി പങ്കെടുത്ത പ്രോഗ്രാം സീ കേരളത്തിന്റെ മിസ്റ്റര്‍ ആന്റ് മിസിസ് ആയിരുന്നു. ഇങ്ങനെ പല പ്രോഗ്രാമുകളിലും ഷോകളിലും സീയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാം നല്ല അനുഭവമായിരുന്നു. സീയുമായി സഹകരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തവണ ഇതൊരു റിയാലിറ്റി ഷോ ആയതിനാല്‍ ദൈര്‍ഘ്യമേറിയ ഷൂട്ടിങ് ഷെഡ്യൂളുകളാണെങ്കിലും സമയം പോകുന്നതറിയാറില്ല. ഡാന്‍സ് കേരള ഡാന്‍സിന്റെ സെറ്റില്‍ ഇരട്ടി ഹാപ്പിയാണ്.

5) ഡികെഡിയിലെ മത്സരവിഭാഗങ്ങളെക്കുറിച്ച് പറയാമോ ?

ഇത്തവണ മൂന്ന് മത്സര വിഭാഗങ്ങളാണുള്ളത്. ഏറെ പുതുമകളോടെയുള്ള ഈ മാറ്റം പ്രേക്ഷകര്‍ക്ക് ആവേശകരമാവും. സോളോ, ജോഡി, ഗ്രൂപ്പ് എന്നീ വിധത്തിലുള്ള നൃത്തരീതികള്‍ കണ്ണിനും മനസിനും ചിന്തകള്‍ക്കും കുളിര്‍മയേകുന്നതാണ്. ഓരോ പ്രകടനവും വേറിട്ടു നില്‍ക്കുന്നതിനാല്‍ വിധികര്‍ത്താക്കള്‍ക്കോ പ്രേക്ഷകര്‍ക്കോ വിരസതയനുഭവപ്പെടില്ല എന്നതുറപ്പാണ്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനായി ക്ലാസിക്കല്‍, കണ്ടംപററി, ഫോക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങളാണ് കോര്‍ത്തിണക്കിയിട്ടുള്ളത്. വളരെ കഴിവുകളുള്ളവരാണ് ഓരോ മത്സരാര്‍ത്ഥിയും.

6) സെറ്റ്, കൂടെയുള്ള മറ്റ് ജഡ്ജുമാര്‍ എന്നിവരെക്കുറിച്ച് ?

ഷോയ്ക്കായി ഒരുക്കിയിട്ടുള്ളത് വളരെ വലിയ സെറ്റ് ആണ്. ഇത്രയും വലുതും വര്‍ണ്ണാഭവും ആകര്‍ഷകവുമായ സെറ്റില്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമാവുന്നത്

ആദ്യമാണ്. ഫ്‌ളോറിന്റെ മനോഹാരിത മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ നന്നായി സ്വാധീനിക്കും. ലൈറ്റിംഗ്, ബാക്ക്ഗ്രൗണ്ട്, എല്‍ഇഡി സ്‌ക്രീന്‍ തുടങ്ങി എല്ലാം മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ്. മറ്റ് ജഡ്ജുമാരെക്കുറിച്ച് പറയുകയാണെങ്കില്‍, പ്രസന്നാ മാസ്റ്ററുമായി കുറേ വര്‍ഷങ്ങളായുള്ള പരിചയമാണ്. ഒരുമിച്ച് വര്‍ക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ സ്വന്തം പ്രാഗാത്ഭ്യം തെളിയിച്ച കൊറിയോഗ്രാഫറും കഴിവുറ്റ നര്‍ത്തകിയുമാണ് ഐശ്വര്യ. ഈ മികച്ച ക്രൂവിനൊപ്പം ഷോയുടെ ഭാഗമാവുന്നതില്‍ അതിയായ സന്തോഷമുണ്ട്.

Report :  Sneha Sudarsan  (Senior Account Executive)

 

Author

Leave a Reply

Your email address will not be published. Required fields are marked *