അവതരണത്തിൻ്റെ എഴുപതാം വർഷത്തിൽ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഇന്ന് കോട്ടയത്ത് അരങ്ങിൽ

കോട്ടയം: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് അടിത്തറ പാകിയ കെ.പി.എ.സി യുടെ നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അവതരണത്തിന്റെ 70-ാം വർഷം കോട്ടയത്ത് വീണ്ടും അരങ്ങിലെത്തുന്നു. ഇന്ന് ( ഏപ്രിൽ 2) വൈകിട്ട് 6.30ന് കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ കലാവേദിയിലാണ് നാടകം വീണ്ടും അരങ്ങിലെത്തുന്നത്. നാടകാവതരണത്തോടനുബന്ധിച്ച് കോട്ടയത്തെ മുതിർന്ന നാടക പ്രവർത്തകരെയും കലാകാരന്മാരെയും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ആദരിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ എന്നിവർ പങ്കെടുക്കും.

1952 ഡിസംബറിൽ കൊല്ലം ചവറയിലെ തട്ടാശേരി സുദർശന തിയറ്ററിലാണ് നാടകം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്നത്തെ എം.എൽ എയായിരുന്ന കാമ്പിശേരി കരുണാകരനായിരുന്നു പ്രധാന കഥാപാത്രം പരമുപിള്ളയെ അവതരിപ്പിച്ചത്. എൻ. രാജഗോപാലൻ നായർ എം.എൽ.എയും നാടകത്തിൽ അഭിനേതാവായി. ഒ. മാധവനും ഭാര്യ വിജയകുമാരിയും ഒന്നിച്ച് അഭിനയിച്ചു എന്നതും മറ്റൊരു ചരിത്രം.

1953 ൽ സർക്കാറിനെതിരെ ജനങ്ങളെ തിരിക്കുന്നു എന്ന ആരോപണത്തിൽ നാടകം നിരോധിക്കപ്പെട്ടു. നിരോധനം അവഗണിച്ച് നാടകം അവതരിപ്പിച്ച കലാകാരന്മാർ അറസ്റ്റ് ചെയ്യപ്പെട്ടു. ശക്തമായ നിയമ നടപടികൾക്ക് ശേഷമാണ് നാടകം തിരിച്ചെത്തിയത്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത നാടകത്തിൽ 24 പാട്ടുകളാണുള്ളത്. ഗാനരചന ഒ എൻ വി കുറുപ്പും സംഗീതം ദേവരാജൻ മാഷുമാണ്. അന്ന് രംഗംപടം തയ്യാറാക്കിയത് ആർട്ടിസ്റ്റ് കേശവനാണ്.

പതിനായിരത്തിലധികം വേദികൾ പൂർത്തിയാക്കിയ നാടകം പുനർ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുന്നത് കെ.പി.എ.സി രാജേന്ദ്രന്റെ നേതൃത്വത്തിലാണ്. ജോണി, മെഹ്മ്മൂദ് കുറുവ, വൈശാഖൻ, കലേഷ്, മനോജ് ഐക്കര, പ്രദീപ് തോപ്പിൽ, താമരക്കുളം മണി, അനിത, സ്നേഹ, അഞ്ജലി തുടങ്ങിയവരാണ് അഭിനേതാക്കൾ.
അവതരണത്തിൻ്റെ എഴുപതാം വർഷത്തിൽ ഇതാദ്യമായാണ് കോട്ടയം ജില്ലയിൽ നാടകം അരങ്ങിലെത്തുന്നത്. പ്രവേശനം സൗജന്യമാണ്.

Leave Comment