നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകരുത്: സ്പീക്കർ

Spread the love

നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകുമ്പോഴാണ് നിയമനിർമാണം കുറ്റമറ്റരീതിയിലല്ലാതാകുന്നതെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനിർമ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കർഷതയും പുലർത്തുന്ന സഭയാണ് കേരളത്തിലേത്. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം യോഗം ചേർന്നത് കേരള നിയമസഭയാണ്. ഇന്ത്യൻ പാർലമെന്റ് ചേർന്നതിനേക്കാൾ കൂടുതൽ ദിവസം ഇവിടെ യോഗം ചേർന്നു. കഴിഞ്ഞ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ 24 ദിവസം നിയമനിർമാണത്തിനായി കേരള നിയമസഭ ചേർന്നതായും എണ്ണായിരത്തിലേറെ ഭേദഗതികൾ ചർച്ച ചെയ്ത് 34 ബില്ലുകൾ പാസ്സാക്കിയെന്നും സ്പീക്കർ പറഞ്ഞു. നിയമനിർമ്മാണത്തിന് സഭകൾ ആവശ്യമായ സമയം നീക്കിവയ്ക്കാത്തതു മൂലം നിയമങ്ങളുടെ ഗുണമേൻമ കുറയുന്നവെന്ന കാര്യം സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമസഭാംഗങ്ങളോടൊപ്പം സംസ്ഥാനത്തെ എല്ലാ വിജ്ഞാനകുതികൾക്കും പ്രയോജനമാകത്തക്ക രീതിയിൽ നിയമസഭ ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ നടപടികൾ പുരോഗമിക്കുകയാണ്. നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികവേളയിൽ ബൗദ്ധിക സംവാദങ്ങളും അന്തരാഷ്ട്ര പുസ്തകോത്സവും സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ നടപടിക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങിയതായും സ്പീക്കർ അറിയിച്ചു.
യോഗത്തിൽ എച്ച്.സലാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ എം.എസ്. അരുൺ കുമാർ, ദെലീമ, യു.പ്രതിഭ, ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് എന്നിവരും പങ്കെടുത്തു. നിയമസഭാ ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയർമാൻ തോമസ് കെ.തോമസ് എം.എൽ.എ സ്വാഗതം പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞത അറിയിച്ചു. മുൻ നിയമസഭാംഗങ്ങളായ പി.ജെ.ഫ്രാൻസീസ്, എ.എ.ഷുക്കൂർ, പി.എം. മാത്യൂ, കെ.സി രാജഗോപാലൻ എന്നിവരെ സ്പീക്കർ ആദരിച്ചു.
തുടർന്ന് കേരളം-സാമൂഹ്യപരിവർത്തനത്തിന്റെ അക്ഷരവഴികൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രമോദ് നാരായണൻ എം.എൽ.എ. മോഡറേറ്ററായ സെമിനാറിൽ കെ.വി.മോഹൻകുമാർ വിഷയം അവതരിപ്പിച്ചു. ബെന്യാമിൻ, കരീപ്പുഴ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ സുരേഷ് വർമ്മയും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളലും അരങ്ങേറി.
നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രദർശനത്തിലെ മുൻകാല ഗവർണർമാർ, കേരള നിയമസഭയുടെ മുഖ്യമന്ത്രിമാർ, സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, പ്രതിപക്ഷ നേതാക്കൾ, ഓരോ നിയമസഭയുടെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ, നിയമസഭാംഗങ്ങൾ രചിച്ച പുസ്തകങ്ങൾ എന്നിവ ശ്രദ്ധേയമായി. പ്രദർശനം ലൈബ്രറി അഡൈ്വസറി കമ്മിറ്റി അദ്ധ്യക്ഷൻ തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമസഭാ ലൈബ്രറിയെക്കുറിച്ചും, നിയമസഭാ മ്യൂസിയത്തെക്കുറിച്ചുമുള്ള പ്രദർശനവും നടന്നു. എ. എം. ആരിഫ് എം.പി എഴുതിയ ‘എന്റെ തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന പുസ്തകം ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എയ്ക്ക് സമ്മാനിച്ചു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കെ. വി. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രദർശനം കാണാനെത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *