കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോൾ ഹബ്ബാക്കും : മന്ത്രി വി. അബ്ദുറഹിമാൻ

Spread the love

കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോൾ ഹബ്ബാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്കു ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിക്കു മുന്നോടിയായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത അഞ്ചു വർഷം അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുകയാണ് ഗോൾ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകും. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാകും പരിശീലനം. ഇതിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകും. നിലവിൽ കിക്കോഫ് എന്ന പേരിൽ പരിശീലന പരിപാടി കായികവകുപ്പിന് കീഴിൽ നടക്കുന്നുണ്ട്. ആ പദ്ധതിയെ ഗോൾ പദ്ധതി യിൽ ലയിപ്പിച്ച് വിപുലമാക്കും.
സ്‌കൂളുകൾ കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പാക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പദ്ധതിയിൽ പരിഗണന നൽകും. 5 വയസുമുതൽ തന്നെ പരിശീലനം നൽകും. ആവശ്യമായ ഉപകരണങ്ങളും ജഴ്‌സിയും സൗജന്യമായി നൽകും. ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്ക് പരിശീലനം നൽകാൻ ശാസ്ത്രീയമായ സിലബസ് ഉണ്ടാകും. കുട്ടികളുടെ ശാരീരിക പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചാകും പരിശീലനം.
ഗോൾ പദ്ധതിയിൽ പരിശീലനം നൽകുന്നതിന് മികച്ച പരിശീലകരെ സൃഷ്ടിക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ടെന്നു മന്ത്രി പറഞ്ഞു. ഫിഫയുടെയും, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെയും സഹകരണത്തോടെയാണ് പരിശീലകർക്ക് പരിശീലനം നൽകുക. ഓരോ പഞ്ചായത്തിലും പരിശീലകരെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകും. കോച്ചിങ് ലൈസൻസ് നേടാനുള്ള പ്രത്യേക ക്യാമ്പുകളും ഓൾ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ നടപ്പാക്കും.
മുൻകാല താരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. അതിന്റെ ഭാഗമായി 14 ജില്ലയിലും ഐക്കൺ പ്ലെയേഴ്‌സിനെ തെരഞ്ഞെടുത്തു. ഓരോ ജില്ലയിലും കൂടുതൽ മുൻകാല താരങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിക്കായി ജില്ലാതല ശിൽപ്പശാലയും സംഘടിപ്പിക്കും.
ദേശീയ ടീമിൽ 6-7 മലയാളികൾ കളിച്ച നാളുകൾ തിരിച്ചു കൊണ്ടുവരണമെന്നു മന്ത്രി പറഞ്ഞു. ഫുട്‌ബോളിനെ പൂർണ്ണമായും പ്രൊഫഷണലാക്കണം. ജോലിക്കായി കളിക്കുക എന്ന രീതി മാറി. കളി തന്നെ പ്രൊഫഷൻ ആയി മാറണം. കളിക്കുന്ന കാലം കഴിഞ്ഞാലും കളി യുടെ ഭാഗമായിതന്നെ ജീവിതമാർഗം കണ്ടെത്തണം. പരിശീലനം നേടുന്ന ഗോൾ പദ്ധതിയിലെ കുട്ടികൾക്കായി വിവിധ പ്രായത്തിലുള്ള ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിലും ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കും. അവർക്ക് ദേശീയ തലത്തിലും മത്സരിക്കാൻ അവസരം ഒരുക്കും. ബേബി ലീഗ് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ടർഫുകളും ഫുട്‌ബോൾ അക്കാദമികളും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. തിരിച്ച് ഇത്തരം സ്വകാര്യ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകും.
ഫിഫയും ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കാൻ തയാറായിട്ടുണ്ട്. ഫെഡറേഷനുമായി ദീർഘകാല കരാർ ഉടൻ ഒപ്പിടും. കേരള ഫുട്‌ബോളിന്റെ വികസനത്തിന് നാഴിക കല്ലാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ചൈത്രം ഹോട്ടലിൽ നടന്ന ശിൽപ്പശാലയിൽ യു. ഷറഫലി, വി.പി. ഷാജി, അബ്ദുൾ ഹക്കീം, എൻ. പി പ്രദീപ്, എം. സുരേഷ്, പി.എസ്. അഷീം, കെ.റ്റി. ചാക്കോ, പി.പി. തോബിയാസ്, ബിനീഷ് കെ, സുശാന്ത് മാത്യു, കെ. അജയൻ, ജീൻ ക്രിസ്റ്റ്യൻ, മേഴ്‌സി കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *