കാസറഗോഡ്: കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വ്യത്യസ്ത അനുഭവമായി ഓണക്കളി അവതരണം. അന്യംനിന്നു പോകുന്ന ഓണക്കളി പോലുള്ള കലാരൂപങ്ങള്‍ക്ക് പ്രാണവായു നല്‍കുന്നതായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഓണക്കളി അവതരണം. ചടുലതാളങ്ങളും വിസ്മയിപ്പിക്കുന്ന ഏകോപനവും ഓണക്കളിയെ ഹൃദ്യമാക്കി. ഓണവും അതുമായി ബന്ധപ്പെട്ട കഥകളും അടങ്ങിയ ആകര്‍ഷകമായ താളത്തിലുള്ള സംഗീതം ഓണക്കളിക്ക് മാറ്റ് കൂട്ടി. ഓണക്കളി എന്ന കലാരൂപത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്് പരിപാടി കാണാനെത്തിയ നിറഞ്ഞ സദസും വേദിയെ ധന്യമാക്കി.ഓണക്കാലത്താണ് ഓണക്കളി അവതരിപ്പിച്ചു വരുന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണവും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുമാണ് ഓണക്കളിയില്‍ അവതരിപ്പിക്കുന്നത്. ചെറുവത്തൂര്‍ കാവിന്‍ചിറ കൃഷ്ണപിള്ള സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങളാണ് ഓണക്കളി അവതരിപ്പിച്ചത്. 18 മുതല്‍ 45 വയസുവരെ പ്രായമുള്ള 36 സ്ത്രീകളാണ് ഓണക്കളി അവതരിപ്പിച്ചത്. പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ അറിവുകള്‍ വച്ച് സ്വയം പരിശീലിച്ചാണ് കൃഷ്ണപ്പിള്ള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിലെ അമ്മമാരും കുട്ടികളുമടങ്ങുന്ന സംഘം ഓണക്കളി പഠിച്ചെടുത്തത്. പൂരക്കളി, ഓപ്പന, നാടോടിക്കളി അങ്ങനെ വിവിധ കലാരൂപങ്ങളും ഇവര്‍ സ്വായത്തമാക്കിയിട്ടുണ്ട്.